പെരുന്നാൾ അവധി ദിവസങ്ങളിൽ വിസ സേവനങ്ങൾ മുടങ്ങില്ല; സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് ദുബായ്

New Update
family visa kuwait.jpg

ദുബായ്: ബലിപെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ ദുബായിൽ വിസ സേവന കേന്ദ്രങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയുള്ള സമയക്രമമാണ് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ (ജിഡിആർഎഫ്എ) പ്രഖ്യാപിച്ചത്. അവധി ദിവസങ്ങളിൽ ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

Advertisment

ദുബായിലെ ചില കേന്ദ്രങ്ങളിലാണ് റസിഡൻസ് വിസ, എൻട്രി പെർമിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ലഭ്യമാകുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3-ൻ്റെ അറൈവൽ ഹാളിൽ സ്ഥിതി ചെയ്യുന്ന കസ്റ്റമർ ഹാപ്പിനസ് സെൻ്റർ 24/7 എന്ന നിലയിൽ അവധി ദിവസങ്ങളിലും സേവനങ്ങൾ നൽകുന്നത് തുടരും. അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെൻ്റർ അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ജിഡിആർഎഫ്എയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. എങ്കിലും ഇടപാടുകൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിന് ദുബായ് നൗ ആപ്ലിക്കേഷനിലോ http://www.gdrfad.gov.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ ലോഗിൻ ചെയ്ത് മനസിലാക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment