സൗദിയിൽ രണ്ട് റോഡപകടങ്ങളിൽ രണ്ട് മലയാളികൾ മരണപ്പെട്ടു; ഒരാൾ ആറംഗ ഉംറ സംഘത്തിലെ വനിത

New Update
9966

ജിദ്ദ:  സൗദിയിലെ രണ്ടിടങ്ങളിൽ  കഴിഞ ദിവസമുണ്ടായ റോഡപടങ്ങളിൽ ഉംറ തീർത്ഥാടക ഉൾപ്പെടെ  രണ്ട് മലയാളികൾ മരണപ്പെട്ടു.  ത്വായിഫ്,  റിയാദിന് സമീപം ഹരീഖ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഉണ്ടായത്.   വേങ്ങര, ശാസ്‌താംകോട്ട സ്വദേശികളാണ് മരിച്ചവർ.  

Advertisment

മലപ്പുറം,വേങ്ങര, പറപ്പൂര്‍, ശാന്തിനഗര്‍ ആലുങ്കൽ  സാജിദ (56) ആണ് മരണപ്പെട്ട  ഉംറ തീർത്ഥാടക.  ഇവരുടെ  മയ്യിത്ത്  മക്കയില്‍ ഖബറടക്കി.  ഭർത്താവ്:  മുഹമ്മദ് കുട്ടി.   മകന്‍: അബ്ദുല്‍ ഗഫൂര്‍ മരുമകള്‍:  ഷെഹര്‍ബാന്‍.

സൗദിയുടെ മദ്ധ്യ -  വടക്കൻ മേഖലയിൽ പെടുന്ന ബുറൈദയിലുള്ള സഹോദരീ പുത്രൻ  മുഹമ്മദലിയുടെ കുടുംബത്തോടൊപ്പമാണ്  ഉംറ നിർവഹിക്കാൻ  സാജിദ പുറപ്പെട്ടത്.    മക്കയില്‍ എത്തുന്നതിന്  മുമ്പുള്ള ത്വായിഫ്  നഗരത്തിന് സമീപം  ളുൽമ്  എന്ന പ്രദേശത്ത് വെച്ചായിരുന്നു അപകടം.  ഇവർ യാത്ര ചെയ്തിരുന്ന വാഹനത്തിന് പുറകിൽ ഒരു  കുവൈത്ത് പൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു.   പുറകു സീറ്റിലായിരുന്നു സാജിദ.

ആറംഗ കുടുംബ സംഘത്തിലായിരുന്നു സാജിദയുടെ ഉംറ യാത്ര. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലിയുടെ മാതാവ് ഖദീജ, സഹോദരി ആയിഷ എന്നിവര്‍ പരുക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.   മരിച്ച സാജിദയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകന്‍ അര്‍ഷദും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

റിയാദിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അൽഹരീഖ് എന്ന സ്ഥലത്തിന് സമീപം  കാർ മറിഞ്ഞുണ്ടായ അപകടത്തിലാണ് കൊല്ലം സ്വദേശി മരണപ്പെട്ടത്.    കൊല്ലം, ശാസ്താംകോട്ട, കൊമറംചിറ, കോട്ടക്കാട്ടുമുക്ക്  വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞി - ലൈല ബീവി ദമ്പതികളുടെ മകനും  സജീവ ഐ സി എഫ് പ്രവർത്തകനുമായ  മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്.

അവിവാഹിതനാണ്. സഹോദരങ്ങൾ:  ജിഷാര്‍, റിയാസ്, റജീന. ദീർഘകാലം റിയാദിലുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി ആണ് പിതാവ്.

സംഭവത്തിൽ മറ്റൊരാൾ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു.  കാറിലുണ്ടായിരുന്ന സുഹൃത്ത്  നാസിം പെരുവയല്‍ ആണ് പരിക്കുകളോടെ ഹോത്ത ബനീ തമീം ആശുപത്രിയില്‍ ചികിത്സയിൽ.

ശനിയാഴ്ച  രാത്രി ഒമ്പത് മണിക്ക് ഹരീഖില്‍ നിന്ന്  അല്‍ഹായിർ  എന്ന സ്ഥലത്തേക്ക് പോകുമ്പോൾ  വിജനമായൊരു സ്ഥലത്ത്  വെച്ച്  ഇവർ സഞ്ചരിച്ച  കാർ  നിയന്ത്രണം വിട്ട്  മറിയുകയായിരുന്നു. അനന്തര നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു.

Advertisment