ആണവകരാർ വിഷയത്തിലും ഇറാനുമായും അമേരിക്കയുമായും ഖത്തർ ചർച്ചകളിൽ

New Update
66

ഇറാനും വൻശക്തികളും തമ്മിൽ  അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവകരാർ വീണ്ടും പുരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടങ്ങി.   അമേരിക്കൻ - ഇറാനിയൻ തടവുകാരുടെ കൈമാറ്റം, അമേരിക്ക മരവിപ്പിച്ച ഇറാന്റെ ആസ്തി വിട്ടുകൊടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിജയകരമായി മധ്യസ്ഥത വഹിച്ച ഖത്തർ തന്നെയാണ് ആണവകരാർ വിഷയത്തിലും മദ്ധ്യവർത്തി.  

Advertisment

ഇറാനുമായും അമേരിക്കയുമായും പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി കൊണ്ടിരിക്കുതായി ഖത്തർ അറിയിച്ചു.  ചർച്ചകളിൽ ആണവകരാറിന് പുറമെ റഷ്യക്ക് ഇറാൻ നൽകുന്ന ഡ്രോൺ സംബന്ധിച്ച് അമേരിക്കക്കുള്ള  ആശങ്കയും വിഷയമാവുന്നതായി അറിവായി.

ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്‌ളി മീറ്റിങ്  വേളയിൽ ന്യൂയോർക്കിൽ വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയും ചൊവാഴ്ചയുമായിട്ടാണ്  ചർച്ചകൾ നടന്നത്.  വെവ്വേറെ നടന്ന ചർച്ചകളുടെ തുടർച്ചയെന്നോണം ഉഭയകക്ഷി ചർച്ചയും വൈകാതെ നടന്നേക്കുമെന്ന്  മിഡ്‌ഡിൽ ഈസ്റ്റിലെ പ്രമുഖനായ നയതന്ത്ര പ്രതിനിധി അൽജസീറ ടിവി യോട് പറഞ്ഞു.   ചർച്ചകൾ വിജയത്തിലെത്തുകയും  ഗുണപരമായ പരസ്പര വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിനുമായി  ഇരു പക്ഷങ്ങൾക്കും മേൽ ഖത്തർ  ശക്തമായ സമ്മർദ്ധം  ചെലുത്തി കൊണ്ടിരിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഇരു രാജ്യങ്ങളുടെയും പക്കലുള്ള തടവുകാരുടെ കൈമാറ്റവും അമേരിക്കൻ ഉപരോധം മൂലം മരവിക്കപ്പെട്ട  ഇറാന്റെ ആറ് ബില്യൺ ഡോളർ വിട്ടു കൊടുത്തതും ഖത്തർ നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു.  വിജയകരമായ പ്രസ്തുത നീക്കത്തിൽ ആവേശം കൊണ്ടായിരിക്കാം ട്രംപ് പ്രസിഡണ്ട് ആയിരിക്കേ  2018 ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയ 2015 ലെ  ഇറാൻ ആണവകരാർ പുനരുജ്ജീവിപ്പിക്കാൻ ഖത്തർ നടത്തുന്ന നീക്കം.   രണ്ടു വർഷത്തോളം കാലം ഖത്തർ നടത്തിയ മധ്യസ്ഥ ശ്രമമാണ്  കഴിഞ്ഞ ആഴ്ച വിജയത്തിലെത്തിയ അമേരിക്ക - ഇറാൻ തടവുകാരുടെ കൈമാറ്റം.   ഇക്കാര്യത്തിൽ  പ്രസിഡണ്ട് ജോ ബൈഡൻ ഖത്തറിനെ  അതിയായി പ്രശംസിക്കുകയും ചെയ്തു.

ഇറാൻ റഷ്യയ്ക്ക് നൽകുന്ന  ആക്രമണ വിമാനങ്ങൾ  റഷ്യ  ഉക്രൈന്  എതിരെ ഉപയോഗിക്കുന്നതിനുള്ള അമേരിക്കൻ ആശങ്കയാണ്  ഖത്തർ മുഖേന അവർ ഇറാന്  കൈമാറിയ മറ്റൊരു വിഷയം.  എന്നാൽ, താങ്കൾ ഉക്രൈന് നേരെ ഉപയോഗിക്കാനല്ല റഷ്യക്ക് ഡ്രോൺ നൽകിയതെന്ന് ഇറാൻ വാദിക്കുകയാണ്.

Advertisment