ജിദ്ദ: റിയാദിലുള്ള മകന്റെ അടുത്തേക്ക് കുടുംബ സമേതം സന്ദർശന വിസയിൽ എത്തി താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട മലയാളിയുടെ മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. മലപ്പുറം തച്ചിങ്ങനാടം ഒറുവംപുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് മരണപ്പെട്ടത്.
പരേതരായ ആൻറണി - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആന്റണി, പ്രീതി.
റിയാദിലെത്തി ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു ജോസഫിന്റെ വിയോഗം. എയർ ഇന്ത്യ വിമാനത്തിൽ ശനിയാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
മരണാനന്തര നിയമനടപടികൾക്കായി റിയാദ് കെ എം സി സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ കർമനിരതരായിരുന്നു.