/sathyam/media/media_files/2025/10/05/church-2025-10-05-20-13-57.jpg)
ഹൂസ്റ്റൺ: പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് ബേസിൽസ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാൾ വിശ്വാസികൾ ആഘോഷപൂർവ്വം കൊണ്ടാടി.
2025 ഒക്ടോബർ 4,5 (ശനി, ഞായർ) തീയതികളിലായി നടന്ന ആഘോഷത്തിൽ നിരവധി മലയാളികളായ വിശ്വാസികൾ പങ്കെടുത്തു. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കുശേഷം വന്ന ആദ്യ പെരുന്നാളായതിനാൽ തന്നെ വിശ്വാസികൾ ചടങ്ങുകൾ ​ഗംഭീരമാക്കി.
പെരുന്നാളിന്റെ പ്രധാന കാർമികൻ നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത് ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയായിരുന്നു. ഒക്ടോബർ 4 ശനിയാഴ്ച സന്ധ്യാപ്രാർത്ഥനയും, വചനശുശ്രൂഷയും തുടർന്ന് തമുക്ക് നേർച്ചയും നടന്നു.
ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും നടന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രദക്ഷിണം, പാച്ചോർ നേർച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ഈവർഷത്തെ പെരുന്നാളിന് സമാപനമായി.
AD 1685ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും മലങ്കരയിലെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി ഹൈറേഞ്ചിലൂടെ കാൽനടയായി പുണ്യപിതാവ് ( യെൽദോ മോർ ബസേലിയോസ് ബാവാ) കോതമംഗലത്ത് എത്തുകയും, തുടർന്ന് പതിമൂന്നാം ദിവസം (കന്നി 19) ഉച്ചതിരിഞ്ഞ് 3ന് അന്ത്യം സംഭവിക്കുകയും ചെയ്തു.
കോതമംഗലത്ത് മോർ തോമാശ്ശീഹായുടെ നാമത്തിലുള്ള പരിശുദ്ധ ദേവാലയത്തിലായിരുന്നു കബറടക്കം നടന്നത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഹൂസ്റ്റണിൽ സെന്റ് ബേസിൽസ് സുറിയാനി പള്ളി സ്ഥാപിച്ചത്.