പുതിയ ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പിട്ടു; ക്വാട്ട പഴയതു തന്നെ; ഇന്ത്യൻ ഹാജിമാരുടെ പ്രവാഹം ഏപ്രിൽ 18 മുതൽ; കേരളത്തിൽ നിന്ന് മെയ് 5 മുതലും

New Update
gbvmhj

ജിദ്ദ:   2026 മെയ് അവസാന വാരം അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സംബന്ധിച്ച ഉഭയകക്ഷി കരാറിൽ  ആതിഥേയ രാജ്യമായ സൗദി അറേബ്യയുമായി  ഇന്ത്യ കരാറിൽ ഒപ്പ് വെച്ചു.  ഇക്കാര്യത്തിനായി സൗദിയിൽ എത്തിയ ഇന്ത്യന്‍ പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവും സൗദി ഹജ്ജ് - ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ്  അല്‍റബിഅയുമാണ് കരാറില്‍  ഒപ്പിട്ടത്.   

Advertisment


ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങളും  ലോജിസ്റ്റിക്  സപ്പോർട്ടും ഇന്ത്യയുടേയും സൗദിയുടെയും മന്ത്രിമാർ തമ്മിൽ ചർച്ച ചെയ്തു.  സൗദിയിലെ ഇന്ത്യന്‍ അംബാസഡനര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി എന്നിവരും  കരാർ  ഒപ്പിടൽ ചടങ്ങിൽ സന്നിഹിതരായി.

ഇന്ത്യയുടെ ഹജ്ജ് ക്വട്ട ഈ വർഷവും ഒന്നേ മുക്കാൽ (1,75,025 തീര്‍ഥാടകർ) ആണ്.   കഴിഞ്ഞ വർഷവും ഇത് തന്നെയായിരുന്നു ഇന്ത്യയുടെ ഹജ്ജ് ക്വാട്ട.   ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്രയും  ഹാജിമാർ  പുണ്യഭൂമിയിലേക്ക്  തിരിക്കുക.   ഇതിൽ  കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ  എന്നിവയും  ഉൾപ്പെടുന്നു.

ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് കമ്മിറ്റി തീർത്ഥാടകരുടെ  പ്രവാഹം ഏപ്രില്‍ 18 ന്  ആരംഭിക്കുമെന്നാണ്  ഇപ്പോഴത്തെ പ്ലാൻ.  അതേസമയം, കേരളത്തിൽ നിന്നുള്ള സർവീസുകൾ മെയ് 5 നാണ് ആരംഭിക്കുക.   

അതേസമയം, മൊത്തം ക്വാട്ടയിൽ  70 - 30 ശതമാനം എന്ന തോതിലാണ്  കേന്ദ്ര ഹജ്ജ് കമ്മിറ്റി - പ്രൈവറ്റ് ഓപ്പറേറ്റർമാർ എന്നിവർക്കുള്ള നീക്കിവെയ്പ്പ്. 

സൗദി സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു  ഇന്ത്യയുടെ ഹജ്ജ് ഒരുക്കങ്ങൾ  റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി അവലോകനം നടത്തിയിരുന്നു.   

ജിദ്ദാ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിൽ  പര്യടനം നടത്തിയ  കേന്ദ്രമന്ത്രി വിനോദകേന്ദ്രമായ ത്വായിഫും  സന്ദർശിച്ചു.

Advertisment