"ഇന്ദിരയും പട്ടേലും അതുല്യ ഭരണാധിപന്മാർ": ഒ ഐ സി സി

New Update
b93a0a9b-d533-4826-8d28-ad5ca5d0da85 (1)

ജിദ്ദ:   ജവഹർലാൽ നെഹ്​റുവിന് ശേഷം ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഉരുക്കു വനിത ഇന്ദിര ഗാന്ധിയുടെ  41 മത് രക്തസാക്ഷിത്വ വാർഷിക ദിനവും  സർദാർ വല്ലഭായി പട്ടേൽ ജയന്തി ദിനവും ജിദ്ദയിൽ സമുചിതമായി ആചരിച്ചു.   ജിദ്ദയിലെ ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു  അനുസ്മരണം.

Advertisment

പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ  ഷറഫിയയിൽ വെച്ച് നടന്ന പരിപാടി ഒ ഐ സി സി റീജിയണൽ കമ്മിറ്റി സെക്രട്ടറി പ്രിൻസാദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ശാക്തിക ചേരികൾ എന്നും ആദരിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധി. ഒരു വ്യക്​തി എന്നതിലുപരി ഇന്ത്യ എന്ന രാജ്യം ഉയർത്തിപ്പിടിച്ച നീതിപൂർവമായ അന്താരാഷ്​ട്ര നിലപാടുകളുടെ ഒരു പ്രതീകമായിരുന്നു ഇന്ദിരാഗാന്ധി എന്ന്  ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസാദ് സൂചിപ്പിച്ചു.

ജാതിയുടെയും മതത്തി​ന്റെയും പേരിൽ ജനങ്ങളെ ധ്രുവീകരിച്ച്​ നേട്ടം കൊയ്യാൻ ശ്രമം നടക്കുന്ന കാലത്ത്​ മതഭാഷാ ആചാര വിചാരങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഇന്ദിര ഗാന്ധിയെപ്പോലുള്ള നേതാവി​ന്റെ  അഭാവം നിഴലിച്ചുനിൽക്കുന്നു. രാജ്യത്തെ തകർച്ചയിൽ നിന്ന്​ കരകയറ്റാൻ ഇന്ദിര ഗാന്ധി ഉയർത്തിപ്പിടിച്ച കലർപ്പില്ലാത്ത മതേതരത്വത്തിനു മാത്രമെ സാധിക്കുകയുള്ളൂവെന്ന്  അദ്ദേഹം തുടർന്നു.

ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, ഭരണ രംഗത്ത്‌ സമാനതകളില്ലാത്ത സംഭാവനകളർപ്പിക്കുകയും  രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഇന്ദിര ഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണ പരിഷ്‌ക്കാരങ്ങൾ ഇന്ത്യയുടെ പുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന്  മുഖ്യ പ്രഭാഷണം നടത്തിയ ഒ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട  അനുസ്മരിച്ചു.

ചേരിചേരാ പ്രസ്ഥാനത്തിന്  ശക്തി പകരുകയും, ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയുടെ നിലപാടുകൾ  സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തി  ഉള്ളതാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ അനുസ്മരണ സന്ദേശം നൽകി.   എഴുപതുകളിൽ തന്നെ  ഇന്ദിരയുടെ രാഷ്ട്രീയ അന്ത്യം ലക്ഷ്യം വെച്ചുകൊണ്ട്  രാജ്യത്ത് കലാപം ഉണ്ടാക്കി അരാജകത്വം ശ്രമിച്ചവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ശക്തമായി നേരിട്ടു. അടിയന്തരാവസ്ഥക്കാലത്ത് ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇന്ദിരാഗാന്ധി മുന്നേറിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

സിക്ക് വിഭാഗത്തിന്റെ ഭീഷണിയുണ്ടായിട്ടും  അംഗരക്ഷകരിൽ പെട്ട സിക്ക് വിഭാഗത്തെ ഒഴിവാക്കാൻ തയ്യാറാവാതിരുന്ന ഇന്ദിരാഗാന്ധിയുടെ കളങ്കരഹിതമായ മതേതര മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും വേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം  പറഞ്ഞു.

ചടങ്ങിൽ ഇന്ത്യയുടെ ഉരുക്കുമനുഷ്യനും ആദ്യ ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായി പട്ടേലിന്റെ 150)o  ജയന്തി ദിനവും ആചരിച്ചു.   ഗാന്ധി  വധത്തിലെ  പ്രതിയായ  ആര്‍എസ്എസിനെ നിരോധിക്കാന്‍ മുൻകൈയെടുത്തത്  പട്ടേൽ ആയിരുന്നു.  1948 ഫെബ്രുവരി 4ന് ആര്‍എസ്സിനെ നിരോധിച്ച് അദ്ദേഹം ഉത്തരവിറക്കി. 
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാത്രം പൈതൃകമാണ് സർദാർ വല്ലഭായി പട്ടേൽ എന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
 
സൈഫുദ്ദീൻ വാഴയിൽ, നാസർ സെയിൻ, ഇർഷാദ് ആലപ്പുഴ, സവാദ് കുറ്റൂർ, കമാൽ കളപ്പാടൻ, മുഹമ്മദ് ഓമാനൂർ, നാസർ കോഴിത്തൊടി, റഫീഖ് മൂസ, അസീസ് ലാക്കൽ 
ഗഫൂർ വണ്ടൂർ, ഉസ്മാൻ കുണ്ടുകാവിൽ, ഷിബിലി പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.

സമീർ പാണ്ടിക്കാട്, അനസ് തുവ്വൂര്, സിപി മുജീബ് കാളികാവ്, ശംസുദ്ധീൻ മേലാറ്റൂർ
എന്നിവർ നേതൃത്വം  നൽകി.  ഇ പി മുഹമ്മദലി സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.

Advertisment