ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചു

റോഡ് മുറിച്ച് കടക്കാന്‍ പാടില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന്‍ ഓടിച്ച നിസ്സാൻ പട്രോൾ കാർ ഇടിക്കുകയായിരുന്നു

New Update
7b3e0283-d41e-4a48-ad90-acc7837c0338

ദുബായ്: ദുബായ് അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24-ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം (ഏകദേശം 2.37 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.

Advertisment


റോഡ് മുറിച്ച് കടക്കാന്‍ പാടില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന്‍ ഓടിച്ച നിസ്സാൻ പട്രോൾ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിംഗും അപകടത്തിന് കാരണമായി. അതേസമയം, വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നതിന് റഹ്മത്തും ഭാഗികമായി ഉത്തരവാദിയാണെന്ന് പോലീസും കോടതിയും കണ്ടെത്തി.


അപകടത്തെ തുടർന്ന് റഹ്മത്തിനെ ദുബായ് റാഷിദിയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, ശരീരത്തിന്റെ വലതുഭാഗത്തെ പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ അവർക്ക് സംഭവിച്ചു. 


സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച യു.എ.ഇ പൗരന്‌ 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തി.
കേസുമായി ബന്ധപ്പെട്ട്, റഹ്മത്തിന്റെ ബന്ധുക്കൾ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. യാബ് ലീഗല്‍ സര്‍വീസസിലെ യു.എ.ഇ അഭിഭാഷകര്‍ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കേസ് വിധി, മറ്റ് രേഖകൾ എന്നിവ സഹിതം നഷ്ടപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.

അപകടം നടന്ന സമയത്തും കേസ് ഫയൽ ചെയ്ത സമയത്തുമുള്ള ഇൻഷുറൻസ് കമ്പനികളെയും അപകടത്തിന് കാരണക്കാരനായ യു.എ.ഇ പൗരനെയും എതിര്‍കക്ഷികളായി ചേർത്തുകൊണ്ടായിരുന്നു കേസ് നടത്തിയത്.


കേസ് പരിഗണിച്ച കോടതി, റഹ്മത്ത് ബീക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകൾ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരെ പിന്നീട് അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ ഫയൽ ചെയ്തെങ്കിലും കോടതി അവ തള്ളി. ഇതോടെ റഹ്‌മത്ത് ബീവിക്ക് അനുകൂലമായ വിധി നടപ്പിലാക്കാന്‍ സാധിച്ചു

Advertisment