/sathyam/media/media_files/2025/01/26/DkXzcDWk2CsQYjECNTtT.jpeg)
മക്ക: ഇന്‍ഡ്യാ രാജ്യത്തിന്റെ 76 ആം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മക്കാ അസീസിയയിലെ മോഡല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് വര്‍ണ്ണാഭമായതും വിപുലവുമായ രീതിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി അസ്മയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു.
യോഗത്തിന് ജനറല്‍ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതം ആശംസിച്ചു. ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ഷാനിയാസ് കുന്നിക്കോട് യോഗം ഉത്ഘാടനം ചെയ്തു.
മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും അതോടൊപ്പം രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പിറവിക്കായി പ്രയത്‌നിച്ച മഹാരഥന്മാരേയും അദ്ദേഹം അനുസ്മരിച്ചു.
ഇന്‍ഡ്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന മൗലിക അവകാശങ്ങളെക്കുറിച്ചും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു.
സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായസാക്കിര്‍ കൊടുവള്ളി, നസീര്‍ കണ്ണൂര്‍, ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം കായംകുളം, ഇഖ്ബാല്‍ ഗബ്ഗല്‍, അബ്ദുല്‍ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, മക്ക മോഡല്‍ സ്‌കൂള്‍ മാനേജര്‍ ബഷീര്‍ മാനിപുരം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെമീന ബഷീര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ പിറവിയെക്കുറിച്ചുള്ള ''ഭരണഘടനയുടെ നാള്‍വഴികള്‍'' എന്ന പേരിലുള്ള ഡോക്യൂമെന്ററി പ്രദര്‍ശനത്തിന് അബ്ദുല്‍ സലാം അടിവാട് നേതൃത്വം നല്‍കി. മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അന്‍സാ ഫഹ്‌മിനും ടീമും അവതരിപ്പിച്ച ദേശഭംഗി തീം ഡാന്‍സ് പരിപാടികള്‍ക്ക് മിഴിവേകി.
നൗഷാദ് തൊടുപുഴ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷറഫുദ്ദീന്‍ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, അഷറഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മോഡല്‍ സ്‌കൂള്‍ ടീച്ചര്‍മാരായ മൈമൂന, നുഫുസ, സല്‍വ, നാഫിയ തുടങ്ങിയവര്‍ കുട്ടികളുടെ പരിപാടികള്‍ നിയന്ത്രിച്ചു. ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീമതി നിസാ നിസാം നന്ദിയും പറഞ്ഞു.