ഡബ്ലിന്‍ കൗണ്ടിയില്‍ കൊള്ളകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ അറസ്റ്റിലായി. ഡബ്ലിനില്‍ നിന്നും പിടികൂടിയ ഇവരില്‍ നാല് പേര്‍ കൗമാരക്കാരാണ്. സമീപകാലങ്ങളിലായി കൗണ്ടിയില്‍ നടന്ന കൊള്ള, മോഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍.
നോര്‍ത്ത് ഡബ്ലിനില്‍ നടന്ന ഓപ്പറേഷനിലാണ് 16 പേരെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെ ഒരു കാര്‍ നിര്‍ത്തി പരിശോധിച്ചതില്‍ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇന്നലെ അറസ്റ്റിലായ മറ്റൊരു കൗമാരക്കാരനെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും.
പാര്‍ക്ക് ചെയ്ത കാറുകളില്‍ നിന്നും മറ്റുമായി സാധനങ്ങള്‍ മോഷ്ടിക്കുക, കൊള്ളകള്‍ നടത്തുക മുതലായവ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റുകളെന്ന് ഗാര്‍ഡ പ്രസ്താവനയില്‍ അറിയിച്ചു. മോഷ്ടിക്കപ്പെട്ട കാറുകളുടെ താക്കോലുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ടോര്‍ച്ചുകള്‍, മുഖംമൂടികള്‍ എന്നിവയും പിടിച്ചെടുത്തതായി ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.