അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വർഷങ്ങള്‍ക്കുള്ളില്‍ സ്കൂളുകൾക്ക് പ്രീഫാബ് കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി 86 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ ചെലവഴിച്ചതായി വിദ്യാഭ്യാസ വകുപ്പ്.
2020 മുതൽ 5 ബില്യൺ യൂറോ സ്കൂൾ ബില്‍ഡിംഗിനും നവീകരണ പദ്ധതികള്‍ക്കുമായി ചിലവഴിച്ചതായി വിദ്യാഭ്യാസ വകുപ്പ്അറിയിച്ചിരുന്നു. . താൽക്കാലിക താമസസൗകര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.
കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷങ്ങളില്‍ പ്രീഫാബ് കെട്ടിടങ്ങള്‍ക്കായി, പ്രതിവർഷം ഏകദേശം 29 ദശലക്ഷം യൂറോയാണ് ചെലവഴിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം, 440 സ്കൂളുകളിൽ പ്രീഫാബ് ഉപയോഗിക്കുന്നതിന് 28.8 ദശലക്ഷം യൂറോ ചെലവായി.
കൌണ്ടികളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചിലവഴിച്ചത് ഡബ്ലിനിലാണ്, 83 സ്കൂളുകളിലെ പ്രീഫാബ് കെട്ടിടങ്ങൾക്ക് €6.3 മില്ല്യണ്‍ ആണ് ചിലവഴിക്കപ്പെട്ടത്.
കോർക്കിൽ, 54 സ്കൂളുകളിൽ പ്രീഫാബ് കെട്ടിടങ്ങൾക്കായി €3.7 മില്ല്യണ്‍ നൽകിയപ്പോൾ, മീത്തിൽ 26 സ്കൂളുകൾക്കായി €2.4 മില്ല്യണ്‍ ചിലവായതായി ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.
കഴിഞ്ഞ വർഷം പ്രീഫാബ് കെട്ടിടങ്ങൾക്ക് €1 മില്ല്യണില്‍ കൂടുതല്‍ ചിലവിട്ട കൌണ്ടികളില്‍ ഡോണെഗൽ, കെറി, കിൽഡേർ, ലൌത്ത്, ടിപ്പെററി, വിക്ലോ, വെസ്റ്റ്മീത്ത് എന്നിവ ഉൾപ്പെടുന്നു.
പ്രീഫാബ് കെട്ടിടങ്ങൾക്ക് ഏറ്റവും കുറവ് ചിലവ് വന്നത് വെക്‌സ്‌ഫോർഡ് കൌണ്ടിയില്‍ ആണ്. അതിൽ മൂന്നു സ്കൂളുകളിലെ സൗകര്യങ്ങൾക്കായി €263,000 മാത്രമാണ് ചിലവ് വന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഓരോ സ്കൂളിലെയും പ്രീഫാബ് കെട്ടിടങ്ങൾക്കു വേണ്ടി വന്ന ശരാശരി ചെലവ് €65,000 മുകളില്‍ ആണ്.
എന്നാല്‍ ചുരുങ്ങിയ സമയത്തെക്കുള്ള ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും ചെലവു കുറഞ്ഞ പരിഹാരമാണ് പ്രീഹാബ് കെട്ടിടങ്ങൾ എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
ഓരോ വർഷവും പ്രീഫാബ് കെട്ടിടങ്ങൾക്കു വേണ്ടി വരുന്ന ചിലവ് സ്കൂൾ ബില്‍ഡിംഗ് പ്രൊജക്റ്റുകളുടെ മൊത്തം ബജറ്റിന്റെ വെറും 3% മാത്രമാണ് വരുന്നത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.