കോര്‍ക്ക് മാലോയിലെ നദിയില്‍ 32,000 സാല്‍മണ്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

New Update
Mnb

കോര്‍ക്ക് : കോര്‍ക്കിലെ മാലോവിനടുത്തുള്ള ബ്ലാക്ക് വാട്ടര്‍ നദിയില്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. അജ്ഞാതമായ പരിസ്ഥിതിക കാരണമാണ് 32,000ത്തോളം സാല്‍മണ്‍, ബ്രൗണ്‍ ട്രൗട്ട് മത്സ്യങ്ങളെ കൊന്നതെന്നാണ് സംഘത്തിന്റെ നിഗമനം. എന്നാല്‍ വ്യക്തവും കൃത്യവുമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അതിനിടെ ചത്തുപൊങ്ങിയ ഉടനെ തന്നെ വെള്ളം പരിശോധിച്ചിരുന്നെങ്കില്‍ ഇതുസംബന്ധിച്ച എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് കഴിയാതെ പോയത് വലിയ വീഴ്ചയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

Advertisment

കാര്യമായ അന്വേഷണം നടത്തിയിട്ടും മത്സ്യങ്ങള്‍ ചത്തതിന് കാരണമായ മലിനീകരണ ഘടകമെന്താണെന്നോ അതിന്റെ ഉറവിടമെന്താണെന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചത്ത മീനുകളുടെ പരിശോധനകളില്‍ രാസവസ്തുക്കളോ കീടനാശിനികളോ ഘനലോഹങ്ങളോ രോഗമോ എന്നിവയ്ക്കൊന്നും തെളിവുകള്‍ ലഭിച്ചില്ല.മൂന്ന് ദിവസം മുമ്പുണ്ടായ ജലജന്യ പ്രകോപനമാണ് കാരണമെന്ന് മാത്രമേ കണ്ടെത്താനായുള്ളു-റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഭവം പ്രാദേശിക മത്സ്യസമ്പത്തിലും കമ്മ്യൂണിറ്റികളിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചെന്ന് ഇന്‍ലാന്റ് ഫിഷറീസ് മന്ത്രി ഡൂലി പറഞ്ഞു.ഇപ്പോഴത്തെ അന്വേഷണം അവസാനിച്ചു. ഏറെ ഗൗരവകരമായി അന്വേഷിച്ചിട്ടും കൃത്യമായ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ബ്ലാക്ക്വാട്ടറില്‍ മത്സ്യ ബന്ധനം തുടരുകയാണെന്നും നിലവില്‍ ജല ഗുണനിലവാര പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വെള്ളം കുടിക്കാന്‍ സുരക്ഷിതമാണെന്ന് മാലോ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള നിരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ പരിസ്ഥിതി വകുപ്പും വ്യക്തമാക്കി.

Advertisment