ആരാണ് ആ കള്ളന്മാര്‍ ? രണ്ട് മണിക്കൂറിനുള്ളില്‍ അയർലണ്ടിലെ നാല് റസ്റ്റോറന്റുകളില്‍ മോഷണം

New Update
N

ഡബ്ലിന്‍: ഡബ്ലിനില്‍ ചൊവ്വാഴ്ച രാത്രിയും പുലര്‍ച്ചെയുമായി കള്ളന്മാര്‍ വിലസി. മുഖംമൂടി ധരിച്ച കള്ളന്മാര്‍ രണ്ട് മണിക്കൂറിനുള്ളില്‍ നാല് റസ്റ്റോറന്റുകളിലാണ് മോഷണം നടത്തിയത്. പണവും ഭക്ഷണവും അപഹരിച്ചു. സാധന സാമഗ്രികളും തകര്‍ത്തു.ഭക്ഷണ ട്രക്കുകളെയും ചെറുകിട ഭക്ഷണ ബിസിനസുകളെയും മാത്രം ലക്ഷ്യമിടുന്ന ഒരേ ആളുകള്‍ തന്നെയാണ് കവര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് റസ്റ്റോറന്റ് ഉടമകള്‍ കരുതുന്നത്.സി സി ടിവി ക്യാമറകള്‍ തകര്‍ത്തതിനാല്‍ മോഷണദൃശ്യങ്ങളും ലഭ്യമായിട്ടില്ല.എന്നിരുന്നാലും കള്ളന്മാരുടെ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു.

Advertisment

തിങ്കളാഴ്ച പതിവ് പോലെ രാത്രി 9.30ന് ഷിഫ്റ്റ് അവസാനിച്ച് ജീവനക്കാര്‍ പോയ ശേഷമാണ് ദി ലോഡിംഗ് ബേയിലെ ബര്‍ഗര്‍ ബിസിനസില്‍ കവര്‍ച്ച നടന്നത്.താലയില്‍ എം50യ്ക്ക് തൊട്ടടുത്താണ് മൂന്ന് വര്‍ഷം മുമ്പ് തുറന്ന ഈ ഫാസ്റ്റ് ഫുഡ് സ്പോട്ട്ജീവനക്കാര്‍ വീട്ടിലേക്ക് പോയി അഞ്ച് മണിക്കൂറിന് ശേഷമാണ് മുഖംമൂടിയും ഗ്ളൗസും ധരിച്ച പുരുഷന്മാര്‍ കവര്‍ച്ച നടത്തിയത്.

ആദ്യം അവര്‍ സൈഡ് ഡോറിലൂടെ ഇടിച്ചു കയറാന്‍ ശ്രമിച്ചു. പിന്നീട് സൈറ്റിന്റെ മുന്‍വശത്തുള്ള ഷട്ടര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു.ഷട്ടറിന് പിന്നിലെ ഒരു പ്ലെക്സിഗ്ലാസ് മതിലും തകര്‍ത്തു.ഇവിടെ നിന്നും 400 യൂറോയാണ് കവര്‍ന്നത്.പുറത്തിറങ്ങി വാഹനത്തില്‍ സ്ഥലം വിട്ടു.ആദ്യമായാണ് ഇവിടെ മോഷണം നടക്കുന്നത്.

രാവിലെ 10.30ന് ലോഡിംഗ് ബേ ഉടമ മാര്‍സിന്‍ കോങ്കല്‍ എത്തിയപ്പോള്‍ മാത്രമാണ് മോഷണത്തെക്കുറിച്ച് അറിഞ്ഞത്.എം50ല്‍ നിന്ന് വെറും 30 മിനിറ്റുകള്‍ മാത്രം അകലെയുള്ള മറ്റ് മൂന്നു സ്ഥാപനങ്ങളിലും മോഷണം നടന്നു. നോര്‍ത്ത് ഡബ്ലിനിലെ ക്ലോങ്രിഫിനിലുള്ള ഫാസ്റ്റ് ഫുഡ് ബര്‍ഗര്‍ റെസ്റ്റോറന്റായ റോളിംഗ് സ്റ്റൗസിലും പുലര്‍ച്ചെ 3.15ന് മോഷണം നടന്നു.മോഷ്ടാക്കള്‍ ആദ്യം അടുത്തുള്ള ബ്രൂ ബോക്സ് കോഫിയിലേക്ക് കടക്കാനാണ് നോക്കിയത്.കഴിയാതെ വന്നപ്പോള്‍ ഫാസ്റ്റ് ഫുഡിലേക്ക് തിരിഞ്ഞു.

ചെറുകിട ഭക്ഷ്യ ബിസിനസുകളെ ലക്ഷ്യം വയ്ക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ബിസിനസ്സ് ഉടമ ജോണ്‍ സ്‌കാന്‍ലോണ്‍ കൂട്ടിച്ചേര്‍ത്തു. ലോഡിംഗ് ബേ ലക്ഷ്യമിട്ടതും ഇതേ കള്ളന്മാരാണെന്നാണ് കരുതുന്നത്.കള്ളന്മാരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സ്ഥാപനം 1,000 യൂറോ വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് ഫീനിക്സ് പാര്‍ക്കിനടുത്തുള്ള സ്ട്രോബെറി ബെഡ്സിനടുത്തുള്ള ഒരു കാര്‍ പാര്‍ക്കിലെ സാന്‍ഡ്വിച്ചും പിസ്സയും വില്‍ക്കുന്ന ഗോട്ട്സ് ഗ്രഫിലും അരമണിക്കൂറിനുള്ളില്‍ മോഷണം നടന്നു.പുലര്‍ച്ചെ 3.41 ഓടെയാണ് ഇവിടെ മോഷണം നടന്നത്. വയര്‍ കട്ടറുകള്‍ ഉപയോഗിച്ച് കാര്‍ പാര്‍ക്കിന്റെ ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കടന്നത്. കാര്‍ അവിടെ പാര്‍ക്ക് ചെയ്ത ശേഷം മൂന്ന് പേര്‍ ഗോട്ട്സ് ഗ്രഫിന്റെ വാതിലിന്റെ പൂട്ട് മുറിച്ചാണ് അകത്ത് കടന്നത്.

പണം സൂക്ഷിച്ചിരുന്നില്ലെന്നും കള്ളന്മാര്‍ വെറുംകൈയോടെയാണ് പോയതെന്നും ഗോട്ട്സ് ഗ്രഫ് സഹസ്ഥാപക സിയാര കമ്മിന്‍സ് വെളിപ്പെടുത്തി. കറുത്ത ഫോക്സ്വാഗണ്‍ ഗോള്‍ഫ് കാറിലാണ് കള്ളന്മാര്‍ വന്നതെന്നാണ് സൂചന.രണ്ട് സ്ഥലങ്ങളിലും മോഷണം നടക്കുന്നതിന് തൊട്ടുമുമ്പ് സിസിടിവി ദൃശ്യങ്ങളില്‍ സമാനമായ ഈ വാഹനം പതിഞ്ഞിട്ടുണ്ടെന്ന് ലോഡിംഗ് ബേയുടെയും റോളിംഗ് സ്റ്റൗവിന്റെയും ഉടമസ്ഥര്‍ പറഞ്ഞു.

സിറ്റി സെന്ററിലെ നാന്‍ ചൈനീസ് എന്ന റെസ്റ്റോറന്റിലും പുലര്‍ച്ചെ 3 നും 4 നും ഇടയില്‍ മോഷണം നടന്നു.റസ്റ്റോറന്റിന്റെ മുന്‍വശത്തെ ഗ്ലാസ് വാതില്‍ തകര്‍ത്തു. ഇന്റീരിയറാകെ നശിപ്പിച്ചെന്ന് ഉടമസ്ഥര്‍ വെളിപ്പെടുത്തി.ഡബ്ലിന്‍ 2 സുരക്ഷിതമായ പ്രദേശമാണെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു. പക്ഷേ അനുഭവം മറിച്ചാണെന്നാണ് കാണിക്കുന്നത്.

മോഷണ പരമ്പരയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കഠിനമായ ശിക്ഷകള്‍ക്ക് മാത്രമേ മോഷ്ടാക്കളെ തടയാനാകൂവെന്നും ഉടമകള്‍ പറയുന്നു.

എങ്കിലും ഭക്ഷണത്തിനായി ഹോട്ടലുകള്‍ കവര്‍ച്ച ചെയ്യുന്നവരെക്കുറിച്ച് പൊതുസമൂഹം ആശങ്കയിലാണ്. ഡസന്‍ കണക്കിന് ഫ്രീ -ചാരിറ്റി ഫുഡ് വിതരണ കേന്ദ്രങ്ങള്‍ ഉള്ള നഗരമാണ് ഡബ്ലിന്‍. മോഷണം നടത്താന്‍ ധൈര്യമുള്ളവര്‍ ആരാണെന്ന സംശയത്തിലാണ് നഗരവാസികള്‍. യാതൊരു പെര്‍മിഷനുമില്ലാതെ നഗരത്തിലെത്തുന്നവരുടെ സജീവ സാന്നിധ്യവും സംശയാസ്പദമാണ്. ഭക്ഷണം മോഷ്ടിക്കപെട്ടാലും പ്രശ്‌നമില്ല, കൂടുതൽ ആക്രമണത്തിലേയ്ക്ക് കള്ളൻമാർ നീങ്ങാതിരുന്നാൽ മതിയെന്ന പ്രാർത്ഥനയിലാണവർ.

Advertisment