കോർക്കിലെ എയർ ഇന്ത്യ ദുരന്തത്തിന്റെ 40-ആം വാർഷികം; പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പങ്കെടുക്കും

New Update
Cdfxdb

വെസ്റ്റ് കോര്‍ക്കിലെ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ 40-ആം വാര്‍ഷികമാചരിക്കാന്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ എത്തും. 1985 ജൂണ്‍ 13-നാണ് തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182 കോര്‍ക്കിന് സമീപം കടലില്‍ തകര്‍ന്നുവീണത്.

Advertisment

സംഭവത്തില്‍ 329 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 268 പേര്‍ കനേഡിയന്‍ പൗരന്മാരും, 27 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 22 പേര്‍ ഇന്ത്യന്‍ പൗരന്മാരുമായിരുന്നു. കാനഡയിലെ മോണ്‍ട്രിയാലില്‍ നിന്നും ലണ്ടന്‍, ഡെല്‍ഹി വഴി മുംബൈയിലേയ്ക്ക് സര്‍വീസ് നടത്തുന്ന വിമാനമായിരുന്നു ഇത്. ഖലിസ്ഥാനി ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ആരും ഉത്തരവാദിത്തമേറ്റെടുത്തിരുന്നില്ല.

സംഭവത്തില്‍ അന്വേഷണം നടത്തി ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2003-ല്‍ ഇന്ദര്‍ജിത്ത് സിങ് റയാത് എന്ന ബ്രിട്ടീഷ്-കനേഡിയന്‍ പൗരന്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബോംബ് തയ്യാറാക്കി നല്‍കിയതിന് 15 വര്‍ഷത്തേയ്ക്കാണ് ഇയാളെ തടവിന് വിധിച്ചത്.

കോര്‍ക്കിലെ ആഹാകിഷ്ട മെമോറിയാലിലാണ് വാര്‍ഷിക ദുഃഖാചരണം നടക്കുക.

Advertisment