/sathyam/media/media_files/2025/05/16/IndfZUmzaYkHUHwW0T5s.jpg)
അയര്‍ലണ്ടില്‍ മോശം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച എട്ട് റസ്റ്ററന്റുകള്‍ക്കെതിരെ ഏപ്രില്‍ മാസത്തില്‍ അടച്ചുപൂട്ടല്‍ നടപടിയെടുത്തതായി ദി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (എഫ് എസ് എ ഐ). എച്ച് എസ് ഇയുടെ ഭാഗത്ത് നിന്നും 10 എന്‍ഫോഴ്‌സ്‌മെന്റ് ഓര്‍ഡറുകളും നല്‍കി. ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക്, മീത്ത്, ടിപ്പററി എന്നീ കൗണ്ടികളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍ക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുള്ളത്.
സിങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ എലിക്കാഷ്ഠം കണ്ടെത്തുക, ശരിയായി തീയതി എഴുതാതെ ഭക്ഷണം സൂക്ഷിക്കുക, ചൂട് വെള്ളം ഇല്ലാതിരിക്കുക, ഭക്ഷണം പാകം ചെയ്യുന്ന ഉപകരണങ്ങളില്‍ അഴുക്ക്, ഗ്രീസ് എന്നിവ കണ്ടെത്തുക, ഉപഭോക്താക്കളുടെ ടോയ്‌ലറ്റ് വൃത്തിയാക്കാതിരിക്കുക മുതലായ പ്രശ്‌നങ്ങളാണ് പരിശോധനകളില്‍ കണ്ടെത്തിയതെന്ന് എഫ് എസ് എ ഐ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി ഭക്ഷം നല്‍കുക എന്നത് റസ്റ്ററന്റുകളുടെ ഉത്തരവാദിത്തമാണെന്ന് എഫ് എസ് എ ഐ മേധാവി ഗ്രേഗ് ഡെമ്പശേയ പറഞ്ഞു. എഫ് എസ് എ ഐയുടെ ഭാഗത്ത് നിന്നും ഇത്തരം പരിശോധനകള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും, എല്ലാ ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിക്കുന്നണ്ടെന്ന് റസ്റ്ററന്റുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.