അയർലണ്ടിൽ ഫോൺ കോൾ വഴിയുള്ള തട്ടിപ്പുകളിൽ 80% വർദ്ധന; തട്ടിപ്പ് രീതി ഇങ്ങനെ…

New Update
Hshjsk

അയര്‍ലണ്ടില്‍ ഫോണ്‍ കോളുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ കുതിച്ചുയരുന്നു. എ ഐ ബിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഫോണ്‍ കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ 79% ആണ് വര്‍ദ്ധിച്ചത്. വോയിസ്‌ ഫിഷിങ് ഫ്രാഡ് (vishing) എന്നാണ് ഈ തട്ടിപ്പുകള്‍ അറിയപ്പെടുന്നത്.

Advertisment

ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിശ്വാസ്യതയുള്ള മറ്റ് കമ്പനികള്‍ മുതലായവര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്ത് വിലസുന്നത്. റീഫണ്ട് നല്‍കാമെന്ന് പറയുക, അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കാനാണ് എന്ന് പറയുക, ബ്രോഡ്ബാന്‍ഡ് പ്രശ്‌നം പരിഹരിക്കാമെന്ന് പറയുക മുതലായവയാണ് പ്രധാന തട്ടിപ്പ് രീതികളെന്നാണ് എ ഐ ബി പറയുന്നത്.

ഒപ്പം ഫോണിലേയ്‌ക്കോ, കംപ്യൂട്ടറിലേയ്‌ക്കോ ഒരു സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനോ, ‘സുരക്ഷിതമായ’ വെബ്‌സൈറ്റില്‍ കയറുവാനോ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെയോ, കംപ്യൂട്ടറിന്റെയോ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. പിന്നാലെ അക്കൗണ്ടിലെ പണവും നഷ്ടപ്പെടും.

തട്ടിപ്പുകള്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, ഒരു കാരണവശാലും ഫോണ്‍ വിളിക്കുന്നവര്‍ പറയും പ്രകാരം സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും എ ഐ ബി അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. തട്ടിപ്പാണോ, യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് സംശയം തോന്നിയാല്‍ ഉടന്‍ അതാത് ബാങ്കുകളെയോ, സ്ഥാപനങ്ങളെയോ ബന്ധപ്പെട്ട ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ ചെയ്യുക.

Advertisment