അയർലണ്ടിൽ ഫസ്റ്റ് ഹോം സ്കീം വഴി ധനസഹായം ലഭിച്ചത് 8,399 പേർക്ക്; ആകെ ലഭിച്ച അപേക്ഷകൾ 19,200

New Update
Ggb

ഫസ്റ്റ് ഹോം സ്കീം പ്രകാരം അയര്‍ലണ്ടിലെ 26 കൗണ്ടികളിലുമുള്ള 8,399 പേര്‍ക്ക് വീടുകള്‍ വാങ്ങാന്‍ സഹായം നല്‍കിയതായി അധികൃതര്‍. 2022 ജൂലൈ മാസത്തില്‍ ആരംഭിച്ച പദ്ധതിക്ക് 740 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുക.

Advertisment

2025 സെപ്റ്റംബര്‍ അവസാനം വരെ ഇത്തരത്തില്‍ 8,399 പേര്‍ക്കാണ് സഹായം ലഭിച്ചത്. 19,200-ഓളം അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുമുണ്ട്.

പദ്ധതിയിലൂടെ സഹായം അനുവദിച്ച വീടുകളുടെ ശരാശരി വില 387,000 യൂറോ ആണ്.

ഓരോ വീടിനും ശരാശരി 66,000 യൂറോ അതായത് ശരാശരി വിലയുടെ 17% വീതമാണ് പദ്ധതിയില്‍ നിന്നും അനുവദിച്ചത്.

ജനങ്ങള്‍ക്ക് സ്വന്തമായി വീട് ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും, അതിന് വലിയൊരു സഹായമാണ് ഫസ്റ്റ് ഹോം സ്കീം എന്നും ഭവനവകുപ്പ് മന്ത്രി ജെയിംസ് ബ്രൗണ്‍ പറഞ്ഞു. ആയിരക്കണക്കിന് പേര്‍ക്ക് പദ്ധതി വഴി വീട് വാങ്ങാൻ സഹായം ലഭിച്ചുവെന്ന് പറഞ്ഞ മന്ത്രി, അതിനാലാണ് പദ്ധതി ഇനിയും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

പദ്ധതി പ്രകാരം സഹായം ലഭിച്ചതില്‍ 72% പേരും ഡബ്ലിൻ, കിൽഡറെ, കോർക്, മീത്, വിക്കലോ എന്നീ കൗണ്ടികളിലാണ്.

സര്‍ക്കാരിനൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളായ എ ഐ ബി (ഉപസ്ഥാപനങ്ങളായ ഇ ബി എസ്, ഹെവിൻ എന്നിവയും), ബാങ്ക് ഓഫ് അയർലണ്ട്, പി ടി എസ് ബി എന്നിവ കൂടി സംയുക്തമായാണ് ഫസ്റ്റ് ഹോം സ്കീം നടപ്പിലാക്കിവരുന്നത്. ആദ്യമായി വീടുണ്ടാക്കാനോ, വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ക്ക് വീടിന്റെ വിലയുടെ 30% വരെ തുക പണയവ്യവസ്ഥയില്‍ (സ്റ്റേക്ക്) സഹായമായി നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.

Advertisment