/sathyam/media/media_files/2025/10/20/vvv-2025-10-20-02-44-17.jpg)
ഡബ്ലിന്‍: ഐ ടി മേഖലയുടെ ഭാവിയിലെ നൈപുണി ആവശ്യങ്ങള്‍ നിറവേറ്റുകയെന്നത് രാജ്യത്തിന് മറ്റൊരു വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്.ഐറിഷ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെയും സ്‌കെയിലിംഗ് കമ്പനികളുടെയും സംഘടനയായ ‘സ്‌കെയില്‍ അയര്‍ലണ്ടാണ്’ ഈ മുന്നറിയിപ്പ് നല്‍കിയത്.
2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ ഐ സി ടി മേഖലയ്ക്ക് 89,590 പുതിയ തസ്തികകള്‍ ആവശ്യമായി വന്നേക്കാമെന്ന് പഠനം പറയുന്നു.
ഐ സി ടി (വിവരവിനിമയ സാങ്കേതികവിദ്യ) ബിരുദധാരികളെ ഉണ്ടാക്കുന്ന കാര്യത്തില്‍ അയര്‍ലണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.എന്നിരുന്നാലും അത് അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ജീവനക്കാരുടെ പുനര്‍നൈപുണ്യവും നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നത് നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അപ്രന്റീസ്ഷിപ്പുകള്‍ പോലുള്ള തൊഴില്‍ വിപണിയിലേക്കുള്ള വഴികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഇന്ത്യക്കാരുടെ സാധ്യതകള്‍
ഐ സി ടി മേഖല കുടിയേറ്റ തൊഴിലാളികളെയാണ് വളരെയധികം ആശ്രയിക്കുന്നത്.ഈ മേഖലയിലെ തൊഴിലിന്റെ 40% വരെ വിദേശ തൊഴിലാളികളാണ്.
തൊഴിലവസരങ്ങളെക്കുറിച്ചുള്ള ആഗോള പ്രചാരണവും സര്‍ക്കാര്‍ ലക്ഷ്യമിടേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സോഫ്റ്റ്വയര്‍ ഡെവലപ്പ്‌മെന്റ്, ഡേറ്റാ സയന്‍സ്, ക്ലൗഡ്, സൈബര്‍സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ മികച്ച സാധ്യതകളുണ്ട്.2024 ല്‍ 38,000 ലധികം വിദേശ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി പെര്‍മിറ്റുകള്‍ ലഭിച്ചുവെന്നും, അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരായവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ പഠനവും അപ്‌സ്‌കില്ലിംഗും റീസ്‌കില്ലിംഗും എന്നിവയടക്കം ഐ സി ടി മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാകണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.