അയര്‍ലന്‍ഡിനെ നയിക്കാന്‍ പുതിയ മുഖം

New Update
H

ഡബ്ളിന്‍: മുന്‍ പ്രവചനങ്ങളെ അടിവരയിട്ടു വിജയിച്ച അയര്‍ലണ്ടിന്‍റെ പത്താം പ്രസിഡന്‍റായി ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കാതറിന്‍ കൊണോളി നവംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കളങ്കരഹിതമായ പ്രവര്‍ത്തനമാണ് കാതറിന്‍ കൊണോളിയെന്ന പഴയ ലേബര്‍ നേതാവിന്‍റെ പ്രത്യേകതയായി ഐറിഷ് ജനത ചൂണ്ടിക്കാട്ടുന്നത്.

Advertisment

നിഷ്പക്ഷതയാണ് കൊണോളിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. തനിക്കു ശരിയെന്നു തോന്നുന്നതിനു വേണ്ടി നിലകൊള്ളാന്‍ അവര്‍ ഒരിക്കലും മടിച്ചില്ല.

കുടുംബമുള്ള അയര്‍ലണ്ടുകാരിയെന്ന സവിശേഷതയും കാതറിന്‍ കൊണോളിക്ക് സ്വന്തമാണ്. ബ്രയാന്‍ മക്എനറിയെ വിവാഹം കഴിച്ചിട്ട് 33 വര്‍ഷമായി. രണ്ട് ആണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. വര്‍ഷങ്ങളായി ഈ ദമ്പതികള്‍ എപ്പോഴും തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിച്ചു. എങ്കിലും ഭാര്യയോടൊപ്പം ബ്രയാന്‍ ചില പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗോള്‍വേയുടെ പ്രാന്തപ്രദേശമായ ഷാന്‍റല്ലയില്‍ 14 മക്കളില്‍ ഒരാളായാണ് കാതറിന്‍ ജനിച്ചത്. അമ്മ അവര്‍ക്ക് ഒന്‍പതു വയസുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞു. മരപ്പണിക്കാരനും ബോട്ട് ബില്‍ഡറുമായ പിതാവാണ് പിന്നീട് കാതറിനെ വളര്‍ത്തിയത്. 1981ല്‍ ലീഡ്സ് സര്‍വകലാശാലയില്‍ നിന്നും ക്ളിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, 1989ല്‍ ഗോള്‍വേ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം. 1991ല്‍ ബാരിസ്ററര്‍~അറ്റ്~ലോ ആയി.

തന്‍റെ അസാധാരണമായ കായിക ശേഷി കാണിച്ചു കൊണ്ട് കൊണോളി വോട്ടര്‍മാരെയും ഞെട്ടിച്ചു. കുട്ടികളോടൊപ്പം സോക്കറും ബാസ്കറ്റ് ബോളും കളിക്കുന്നതിന്‍റെ ഒരു വീഡിയോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. വീഡിയോയില്‍ 68 വയസുള്ള കൊണോളി തുടര്‍ച്ചയായി ആറു തവണ പന്തു തട്ടുന്നതും മുട്ടു കുത്തുന്നതും കാണാം. പിന്നീട് ബാസ്കറ്റ്ബോള്‍ ഡ്രിബിള്‍ ചെയ്യുന്നതും ഹൂപ്പിലേയ്ക്ക് ഒരു ഷോട്ട് എടുക്കുന്നതും കാണാം. ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടിരുന്നു.

ബഹുഭൂരിപക്ഷം ഐറിഷുകാരും പലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നതു പോലെ കൊണോളിയും പ്രസിഡന്‍റ് എന്ന നിലയ്ക്ക് പലസ്തീന്‍ ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കാന്‍ പലസ്തീനിലേയ്ക്കു പോകുമെന്നും മിലിറ്റന്‍റ് ഗ്രൂപ്പ് പലസ്തീന്‍ ജനതയുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നുമാണ് കൊണോളി പറയുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കൊണോളി വ്യക്തമാക്കിയത്. സോഷ്യല്‍ ഡെമോക്രാറ്റ്സ്, ലേബര്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്~സോളിഡാരിറ്റി, ഗ്രീന്‍ പാര്‍ട്ടി, സിന്‍ ഫെയ്ന്‍ തുടങ്ങി ഇടതു ചായ് വുള്ള എല്ലാ പാര്‍ട്ടികളും അവരെ പിന്തുണച്ചു. ഈ നീക്കത്തിലൂടെ ഐറിഷ് രാഷ്ട്രീയത്തിലെ ഗെയിം ചേയ്ഞ്ചര്‍ എന്ന പേര് അവര്‍ക്കു ലഭിച്ചു.

Advertisment