ഡബ്ലിന്‍: അയര്‍ലണ്ടിലെ വാടകനിരക്കുകളില്‍ ദേശിയ തലത്തില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി പഠനറിപ്പോര്‍ട്ടുകള്‍..എന്നാല്‍ ഡബ്ലിനിലെ വര്‍ദ്ധന നിരക്കില്‍ തുടര്‍ച്ചയായ കുറവ് അനുഭവപ്പെട്ടതായി ഡാഫ്റ്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദേശിയ തലത്തില്‍ വാടക ഇപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 8% കൂടുതലാണ്, മൂന്നാം പാദത്തില്‍ ദേശീയ വിപണിയിലെ ശരാശരി വാടക പ്രതിമാസം €1,825 യൂറോയോളമെത്തി. 2011-ന്റെ അവസാനത്തില്‍ വിപണിയിയിലുണ്ടായിരുന്ന 765 യൂറോ എന്ന ശരാശരി വാടകയുടെ ഏകദേശം രണ്ടര ഇരട്ടിയാണിത്.
സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ മാത്രം ദേശിയ വാടക നിരക്കില്‍ 1.8 ശതമാനമാണ് വര്‍ദ്ധനവുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡബ്ലിന്‍ വിപണിയില്‍, ഈ വര്‍ഷത്തിലുണ്ടായ വര്‍ദ്ധനവ് വെറും 1.3 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
ഡബ്ലിനിന് പുറത്തുള്ള നാല് പ്രധാന നഗരങ്ങളില്‍ – കോര്‍ക്ക്, ലിമെറിക്ക്, ഗോള്‍വേ , വാട്ടര്‍ഫോര്‍ഡ് -എന്നിവിടങ്ങളില്‍ വാടകയില്‍ കുറഞ്ഞത് 5% വരെ വര്‍ദ്ധനവുണ്ടായതാണ് ദേശിയ തലത്തില്‍ വാടക ഉയരുവാന്‍ മുഖ്യ കാരണമായത്.
ലെയിന്‍സ്റ്ററില്‍ 1.8 ശതമാനവും മണ്‍സ്റ്ററില്‍ 3% വര്‍ധനവും വാടക നിരക്കിലുണ്ടായി.
ഡബ്ലിനില്‍ വാടക താമസ സൗകര്യങ്ങളുടെ ലഭ്യത വര്‍ദ്ധിച്ചതാണ് വാടക കുറയാന്‍ പ്രധാനകാരണമായത്.നവംബര്‍ 1-ന്, രാജ്യവ്യാപകമായി ഏകദേശം 1,800 വീടുകള്‍ വാടകയ്ക്ക് ലഭ്യമായിരുന്നു, ഒരു വര്‍ഷം മുമ്പ് ഇതേ തീയതിയില്‍ 1,100-ല്‍ താഴെ വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡബ്ലിനില്‍ ഈ വര്‍ഷം നവംബറില്‍ മാത്രം 600 ലധികം വീടുകള്‍ വാടക വിപണിയില്‍ അധികമായെത്തിയിട്ടുണ്ട്.
‘2018 നും 2022 നും ഇടയില്‍, ഡബ്ലിനില്‍ പുതിയ വാടക വീടുകളുടെഎണ്ണം ഉയരുന്നുണ്ടെന്നു പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളം കൂടുതല്‍ പുതിയ വാടക ഭവനങ്ങളുണ്ടായാല്‍ മാത്രമേ വാടക നിരക്കുകള്‍ കുറയുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.