ഇഷയ്ക്ക് പിന്നാലെ ജോസെലിന്‍ കൊടുങ്കാറ്റും അയര്‍ലണ്ടില്‍ ഭീകര നാശം വിതച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bh7888888888888888888

ഡബ്ലിന്‍: ഇഷയ്ക്ക് പിന്നാലെയെത്തിയ ജോസെലിന്‍ കൊടുങ്കാറ്റും അയര്‍ലണ്ടില്‍ ഭീകര നാശം വിതച്ചു. കൂനിന്മാല്‍ കുരുവെന്ന പോലെയാണ് ജോസെലിന്‍ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

Advertisment

മണിക്കൂറുകള്‍ക്കിടയിലെത്തിയ കൊടുങ്കാറ്റ് അയര്‍ലണ്ടിലെ ജനജീവിതത്തെ ഭാഗീകമായി നിശ്ചമാക്കി. ഇഷാ കൊടുങ്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടയിലാണ് ഓറഞ്ച് അലേര്‍ട്ടുമായി ജോസെലിന്‍ എത്തിയത്. അര്‍മായില്‍ ജനിച്ച ജ്യോതിശാസ്ത്രജ്ഞനായ ജോസെലിന്‍ ബെല്‍ ബേര്‍ണലിന്റെ പേരിലാണ് രണ്ടാമത്തെ കൊടുങ്കാറ്റിന് നാമകരണമുണ്ടായത്.

ഗോള്‍വേയ്ക്കും മേയോയ്ക്കുംഡോണഗേലിനുമുള്ള ഓറഞ്ച് വിന്റ് അലേര്‍ട്ട് ഇന്നലെ വൈകിട്ടോടെ പ്രാബല്യത്തില്‍ വന്നിരുന്നു.ബുധനാഴ്ച രാവിലെയോടെ ഡോണഗേലിനുള്ള ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചേക്കും. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും യെല്ലോ വിന്റ് അലേര്‍ട്ടിലായിരുന്നു .

ജോസെലിന്‍ കൊടുങ്കാറ്റ് തീരപ്രദേശങ്ങളില്‍ വലിയ നാശമുണ്ടാക്കി. ഉയര്‍ന്ന തിരമാലകള്‍ വീശിയടിച്ചത് യാത്രക്കാരെയും പ്രദേശവാസികളേയും ദുരിതത്തിലാക്കി. യാത്രകള്‍ ഇപ്പോഴും ദുഷ്‌കരമായി തുടരുകയാണ്. നിലംപൊത്തിയ മരങ്ങളും പൊട്ടിവീണ വൈദ്യുതി ലൈനുകളും അപകടഭീഷണിയുണ്ടാക്കുന്നു.

വൈദ്യുതി വിതരണം താറുമാറായതാണ് കൊടുങ്കാറ്റുണ്ടാക്കിയ ഏറ്റവും വലിയ നാശം. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതിയില്ലാതെ പോയി. നൂറുകണക്കിന് മരങ്ങളാണ് കടപുഴകി ലൈനുകളിലേയ്ക്ക് വീണതോടെ വൈദ്യുതി വിതരണം ആകെ താറുമാറായി. തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ജോസെലിന്‍ കൂടിയെത്തി. അതോടെ പ്രശ്നപരിഹാരം നീണ്ടു. ആയിരക്കണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ ആവതും ശ്രമിച്ചുവരികയാണ്.

ഈ ആഴ്ച അവസാനത്തോടെയേ വൈദ്യുതി വിതരണം പൂര്‍ണ്ണമായും പുനസ്ഥാപിക്കാനാവൂടെന്ന് ഇ എസ് ബി നെറ്റ്വര്‍ക്ക്സ് പറഞ്ഞു.2,21,000 വീടുകളിലും ഫാമുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാനായി. എന്നിരുന്നാലും 38,000 ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും വൈദ്യുതി നല്‍കാനായിട്ടില്ലെന്ന് ഇ എസ് ബി അറിയിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും എട്ട് വിമാനങ്ങള്‍ റദ്ദാക്കി. കോര്‍ക്ക് എയര്‍പോര്‍ട്ട് മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചും വിട്ടു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിവിധ റൂട്ടുകളിലെ സര്‍വീസുകള്‍ ബസ് ഏറാന്‍ റദ്ദാക്കിയിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍, ആന്‍ട്രിം, അര്‍മാഗ്, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍, ഡെറി എന്നീ കൗണ്ടികളില്‍ യെല്ലോ വിന്റ് മുന്നറിയിപ്പ് ബുധനാഴ്ച ഉച്ചവരെ തുടരും. ശക്തമായ കാറ്റാണ് ഇവിടെ. ഇഷാ കൊടുങ്കാറ്റ് നാശമുണ്ടാക്കിയതിനെ തുടര്‍ന്ന് ബെല്‍ഫാസ്റ്റിലെ പ്രശസ്ത സന്ദര്‍ശക കേന്ദ്രം ടൈറ്റാനിക് ബെല്‍ഫാസ്റ്റ് അടച്ചിട്ടു.

ഇഷാ കൊടുങ്കാറ്റില്‍ കേന്ദ്രത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിനിടെയെത്തിയ ജോസെലിന്‍ കൊടുങ്കാറ്റും തുടരുന്ന മോശം കാലാവസ്ഥയും പരിഗണിച്ച് ടൈറ്റാനിക് ബെല്‍ഫാസ്റ്റ് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ സന്ദര്‍ശകര്‍ക്കും പണം തിരികെ നല്‍കി.

Jocelyn Storm
Advertisment