വിദേശ നഴ്‌സുമാരെ വ്യാജ ജോലി ഓഫർ നൽകി പറ്റിക്കുന്ന ഏജൻസികൾ അയർലണ്ടിൽ വ്യാപകം; മുന്നറിയിപ്പ് നൽകി എംഎൻഐ

New Update
Njj

അയര്‍ലണ്ടില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ നഴ്‌സുമാരെ പറഞ്ഞു പറ്റിക്കുന്ന നിരവധി വ്യാജ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുന്നറിയിപ്പ്. ഇല്ലാത്ത ജോലികളുടെ പേരില്‍ റിക്രൂട്ട്‌മെന്റ് നടത്തി നഴ്‌സുമാരില്‍ നിന്നും പണം ഈടാക്കുന്ന നിരവധി ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മൈഗ്രൈന്റ് നഴ്സസ് അയർലണ്ട് (എം എൻ ഐ) മുന്നറിയിപ്പ് നല്‍കുന്നു.

Advertisment

പല ഏജന്‍സികളും ഇത്തരത്തില്‍ വിസ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, വിദേശ നഴ്‌സുമാരെ ജോലിക്ക് എടുക്കുന്ന നഴ്‌സിങ് ഹോമുകള്‍, അവരെ എത്തിച്ചത് അംഗീകൃത ഏജന്‍സികളാണെന്ന് ഉറപ്പാക്കണമെന്നും എം എൻ ഐ കണ്‍വീനറായ വര്‍ഗീസ് ജോയ് പറയുന്നു. ഏജന്‍സികള്‍ അയര്‍ലണ്ടിലും, റിക്രൂട്ട്‌മെന്റ് നടത്തുന്ന രാജ്യത്തും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമമെങ്കിലും, പല ഏജന്‍സികളും പുറം രാജ്യങ്ങളില്‍ മാത്രം രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിവരുന്നത്.

അയര്‍ലണ്ടില്‍ ജോലിക്ക് എത്തുന്ന നഴ്‌സുമാര്‍ സാധാരണയായി നല്‍കേണ്ടതിലും എത്രയോ അധികം തുകയാണ് പല പേരിലും ഏജന്‍സികള്‍ വാങ്ങുന്നത് എന്നതും മറ്റൊരു പ്രശ്‌നമാണ്. പലപ്പോഴും 4,000 യൂറോയോ അതിലധികമോ ആണ് ഏജന്‍സികള്‍ ഈടാക്കുന്നത്. നഴ്സിംഗ് ആൻഡ് മിദ്‌വിഫറി ബോർഡ്‌ ഓഫ് അയർലണ്ട് (എൻ എം ബി ഐ)-ന്റെ രജിസ്‌ട്രേഷന്‍ പിന്‍, വര്‍ക്ക് പെര്‍മിറ്റ് എന്നിവ ലഭിക്കാന്‍ വേണ്ടിയാണ് എന്ന പേരിലാണ് വന്‍തുക ഇവര്‍ ഈടാക്കുന്നത്. ന്യായമായി നല്‍കുന്ന 3,000 യൂറോ ഫീസിന് പുറമെയാണിത്. അയര്‍ലണ്ടിലെ നിയമങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ലാത്തത് കാരണം നിരവധി പേര്‍ ഈ തട്ടിപ്പില്‍ പെട്ടുപോകുകയും ചെയ്യുന്നു.

നഴ്‌സിങ് ഹോമുകളില്‍ നേരത്തെ ഉണ്ടായിരുന്ന ജോലി ഒഴിവുകളുടെ വിവരങ്ങള്‍, അവരുടെ ലെറ്റര്‍ പാഡില്‍ ശേഖരിച്ച ശേഷം, പിന്നീട് അത് എഡിറ്റ് ചെയ്ത് പുതിയ നഴ്‌സുമാരുടെ പേര് എഴുതിച്ചേര്‍ക്കുകയും, അത് സര്‍ക്കാര്‍ വകുപ്പില്‍ നല്‍കി വ്യാജ ഒഴിവുകള്‍ ഉണ്ടാക്കുകയും ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണ് ഏജന്‍സികള്‍ പിന്തുടര്‍ന്ന് പോരുന്നത്. അയര്‍ലണ്ടില്‍ എത്തി നഴ്‌സിങ് ഹോമില്‍ ജോലിക്ക് ചെല്ലുമ്പോഴാണ് അവിടെ നിലവില്‍ ഒഴിവുകളൊന്നും ഇല്ലെന്ന് നഴ്‌സുമാര്‍ക്ക് മനസിലാകുന്നത്.

ഈ സാഹചര്യത്തില്‍ ജോലി ഒഴിവുകള്‍ യഥാര്‍ത്ഥമാണോ എന്നറിയാനായി തൊഴില്‍ദാതാക്കളുമായി ബന്ധപ്പെട്ട് കൃത്യമായ ഐട്ടിപിക്കൽ വർക്കിംഗ്‌ സ്കീം പരിശോധന നടത്തണമെന്ന്, എം എൻ ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment