ആഹാ ഇലക്ട്രിക്! അയർലണ്ടിൽ വമ്പൻ നേട്ടം കൊയ്ത് ഇലക്ട്രിക് കാറുകൾ; മാർക്കറ്റ് ഷെയറിൽ പെട്രോൾ കാറുകൾ മൂന്നാം സ്ഥാനത്തേയ്ക്ക് വീണു

New Update
G

അയർലണ്ടിൽ പെട്രോൾ കാറുകൾക്ക് പ്രിയം കുറയുന്നതായി വ്യക്തമാക്കി പുതിയ കണക്കുകൾ. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (എസ് ഐ എം ഐ)-യുടെ റിപ്പോർട്ട്‌ പ്രകാരം ജനുവരി മാസത്തിൽ അയർലണ്ടിൽ പുതുതായി രജിസ്റ്റർ ചെയ്ത ആകെ കാറുകളുടെ എണ്ണം 34,604 ആണ്. ഇതിൽ 28.28 ശതമാനവും ഹൈബ്രിഡ് പെട്രോൾ ഇലക്ട്രിക് മോഡലുകൾ ആണ്. 21.15 ശതമാനം ഫുള്ളി ഇലക്ട്രിക്കും. 20.94 ശതമാനം മാർക്കറ്റ് ഷെയറോടെ പെട്രോൾ കാറുകൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Advertisment

ഡീസൽ കാറുകൾ 12.48 ശതമാനം, പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകൾ 14.56 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലും ഇവി കാറുകൾ വിൽപ്പനയിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. ആകെ 7,319 ബാറ്ററി ഇലക്ട്രിക് കാറുകളാണ് പോയ മാസം വിറ്റത്. ഒരു മാസം ഏറ്റവുമധികം ഇവികൾ വിറ്റുപോയതിൽ റെക്കോർഡ് ആണിത്.

2025 ജനുവരിയെ അപേക്ഷിച്ച് ഈ ജനുവരിയിൽ ആകെ കാർ വിൽപ്പന 3.3% വർദ്ധിച്ചിട്ടുമുണ്ട്.

ആളുകളുടെ ഇഷ്ട വാഹനങ്ങൾ ഏത്?

രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കാർ ബ്രാൻഡായി ടൊയോട്ട തുടരുമ്പോൾ രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായിയും, മൂന്നാമത് ഫോക്സ് വാഗണും ആണ്. സ്കോഡ, കിയ എന്നിവ പിന്നാലെ. ആകെ കാർ വിൽപ്പനയിൽ പകുതിയിൽ അധികവും ഈ അഞ്ച് ബ്രാൻഡുകൾ ആണ്.

അയർലണ്ടിൽ നിലവിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാർ മോഡൽ ടൊയോട്ട യറീസ് ക്രോസ്സ് ആണ് എന്നും റിപ്പോർട്ട്‌ പറയുന്നു. ഈ മോഡലിന്റെ പുതിയ 1,489 കാറുകളാണ് പോയ മാസം വിറ്റത്. ഹ്യുണ്ടായ് ട്യൂക്‌സൺ (1,446), കിയ സ്പോർട്ടജ് (1,133) എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.

ഇലക്ട്രിക് കാറുകളിൽ വോൾഗസ്വാജൻ ഐഡി.4 ആണ് വിൽപ്പനയിൽ ഒന്നാമത്. ഈ മോഡലിന്റെ 697 കാറുകളാണ് ജനുവരിയിൽ വിറ്റത്. പുതിയ മോഡലുകൾ ആയ ബി വൈ ഡി സീൽ യു (456), ഹ്യുണ്ടായ് ഇൻസ്റ്റർ (322) എന്നിവയും പോയ മാസം നേട്ടമുണ്ടാക്കി.

Advertisment