/sathyam/media/media_files/2025/08/13/bbvvv-2025-08-13-04-45-38.jpg)
വാട്ടര്‍ഫോര്‍ഡ് മലയാളിയായ ബിജോയിയുടെയും കുടുംബത്തിന്റെയും വിലപിടിപ്പുള്ള ലഗേജുകള്‍ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാന അധികൃതര്‍ നഷ്ടപ്പെടുത്തിയതായി പരാതി. കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോയ് കോശി എന്നിവരുടെ സാധനങ്ങളാണ് ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ നഷ്ടമായത്. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലാണ് ബിജോയിയും, ഷീനയും ജോലി ചെയ്യുന്നത്.
നാട്ടിലേയ്ക്ക് അവധിക്കാലം ചെലവിടാനായി ജൂലൈ 23-നാണ് ഡബ്ലിനില്‍ നിന്നും കുടുംബം കേരളത്തിലേയ്ക്ക് പുറപ്പെട്ടത്. മുംബൈ വഴി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കൊച്ചി എയര്‍പോര്‍ട്ടിലേയ്ക്കായിരുന്നു യാത്ര. ഡബ്ലിനില്‍ നിന്നും നാല് ബാഗുകളാണ് ഒപ്പം കരുതിയിരുന്നതെങ്കിലും മുംബൈയില്‍ ഇറങ്ങിയപ്പോള്‍ ഇതില്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗുകള്‍ മാത്രമാണ്.
തുടര്‍ന്ന് 28 കിലോഗ്രാമുള്ള ലഗേജ് നഷ്ടമായതായി കാട്ടി ബിജോയ് രേഖകളടക്കം പരാതി നല്‍കിയതോടെ ഓഗസ്റ്റ് 2-ന് ഇന്‍ഡിഗോ പ്രതിനിധികള്‍ നഷ്ടപ്പെട്ട ലഗേജ് എത്തിച്ചുനല്‍കി. എന്നാല്‍ വെറും 15 കിലോഗ്രാം മാത്രമേ അപ്പോള്‍ ലഗേജിന് ഭാരമുണ്ടായിരുന്നുള്ളൂ. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങളാണ് ലഗേജില്‍ നിന്നും നഷ്ടമായത്.
28 കിലോ ഉണ്ടായിരുന്ന ലഗേജിന്റെ ഭാരം കുറഞ്ഞതിന് അധികൃതര്‍ കൃത്യമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് മറുപടി. സംഭവത്തില്‍ കേരളാ പോലീസിനും ബിജോയ് പരാതി നല്‍കിയിട്ടുണ്ട്.