ആമസോണ്‍ :അയര്‍ലണ്ടില്‍ മുന്നൂറോളം പേര്‍ക്ക് ജോലി നഷ്ടപ്പെടും

New Update
V

ഡബ്ലിന്‍: ആമസോണ്‍ വീണ്ടും തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു.ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ 300 ആമസോണ്‍ തൊഴിലാളികള്‍ പണിയ്ക്ക് പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.ലോക വ്യാപകമായി 16,000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഇന്നലെ ആമസോണ്‍ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച 30000 ജീവനക്കാരെ കുറയ്ക്കുന്ന പായ്ക്കേജിന്റെ ഭാഗമാണിത്. കൂടുതല്‍ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്ന സൂചനയും പുറത്തുവന്നിരുന്നു.

Advertisment

ആമസോണില്‍ നടന്ന ആഗോള പിരിച്ചുവിടലിന്റെ ഫലമായി കഴിഞ്ഞ ഒക്ടോബറിലും അയര്‍ലണ്ടില്‍ 150 പേര്‍ക്ക് ജോലി നഷ്ടമായിരുന്നു. 6,500 പേരാണ് അയര്‍ലണ്ടിലെ ആമസോണില്‍ ജോലി ചെയ്യുന്നത്. ആമസോണ്‍ അയര്‍ലണ്ടില്‍ നിന്നും കൂട്ട പിരിച്ചുവിടലിന്റെ അറിയിപ്പ് ലഭിച്ചതായി എന്റര്‍പ്രൈസ് വകുപ്പ് അറിയിച്ചു.ആഗോള വെല്ലുവിളികളുടെ പേരില്‍ നിരവധി കമ്പനികള്‍ അടുത്തിടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തുമെന്ന് പ്രഖ്യാപിച്ചു ഇത് ഐറിഷ് പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്ന് വകുപ്പ് വക്താവ് പറഞ്ഞു.

ആമസോണിന്റെ 1.58 മില്യണ്‍ ജീവനക്കാരുടെ ഒരു ചെറിയ ഭാഗം മാത്രമാണ് 30,000 എന്ന കണക്ക്. ഇവരില്‍ കൂടുതലും ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും വെയര്‍ഹൗസുകളിലുമാണ്. കോര്‍പ്പറേറ്റ് വര്‍ക്ക് ഫോഴ്സിന്റെ കദേശം 10%മാണിത്.ആമസോണ്‍ രണ്ടാം റൗണ്ട് പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബറില്‍ ആമസോണ്‍ 14,000 ജോലികള്‍ പിരിച്ചുവിട്ടതിന് ശേഷം മൂന്ന് മാസത്തിനുള്ളിലാണ് രണ്ടാമത്തെ പിരിച്ചുവിടല്‍ വരുന്നത്.എ ഐയും കോര്‍പ്പറേറ്റ് സംസ്‌കാരത്തിലെ മാറ്റത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് പിരിച്ചുവിടലിന് കാരണമെന്ന് നേരത്തേ ആമസോണ്‍ പറയുന്നു.കോവിഡ് പാന്‍ഡെമിക് സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള ആവശ്യം കുതിച്ചുയര്‍ന്നപ്പോള്‍, ആമസോണ്‍, ഫേസ്ബുക്ക്,മെറ്റാ പ്ലാറ്റ്‌ഫോമുകള്‍, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍ നിയമനങ്ങള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. ആ വര്‍ക്ക് ഫോഴ്സിനെ പുനക്രമീകരിക്കുകയാണിപ്പോള്‍.

ലെയറുകള്‍ കുറയ്ക്കുക, ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കുക, ബ്യൂറോക്രസി നീക്കം ചെയ്യുക’ എന്നിവയിലൂടെ കമ്പനിയെ ശക്തിപ്പെടുത്തുന്നതിന് വെട്ടിക്കുറവുകള്‍ ആവശ്യമാണെന്ന് ആമസോണിലെ ഉന്നത മാനവ വിഭവശേഷി എക്സിക്യൂട്ടീവ് ബെത്ത് ഗാലെറ്റി അറിയിച്ചു.

എ ഐ പിടിമുറുക്കുന്നു...

ഫിസിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള പിന്മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് അവശേഷിക്കുന്ന എല്ലാ ബ്രിക്ക് ആന്റ് മോര്‍ട്ടാര്‍ ഫ്രഷ് ഗ്രോസറി സ്റ്റോറുകളും ഗോ മാര്‍ക്കറ്റുകളും അടച്ചുപൂട്ടാനുള്ള പദ്ധതിയാണ് ആമസോണ്‍ ഇന്നലെ ആരംഭിച്ചിരിക്കുന്നത്.

കമ്പനി വെയര്‍ഹൗസുകളില്‍ ഇ-കൊമേഴ്‌സ് വിഭാഗത്തിനായി പാക്കേജിംഗിലും ഡെലിവറിയിലും റോബോട്ടിക്സുകള്‍ ഇടം പിടിച്ചുകഴിഞ്ഞു.ഡെലിവറി വേഗത്തിലാക്കാനും മനുഷ്യാധ്വാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോര്‍പ്പറേറ്റ് വര്‍ക്ക്ഫോഴ്‌സ് ഡൈനാമിക്സിനെ എങ്ങനെ മാറ്റുന്നുവെന്ന് അടിവരയിടുന്നതാണ് ഈ പിരിച്ചുവിടലുകള്‍. സാധാരണ അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മുതല്‍ സങ്കീര്‍ണ്ണമായ കോഡിംഗ് പ്രശ്നങ്ങള്‍ വരെയുള്ള ചുമതലകള്‍ വേഗത്തിലും കൃത്യതയോടെയും ചെയ്യാന്‍ എ ഐയ്ക്കാകുന്നു. ഇതാണ് വ്യാപകമായ അഡോപ്ഷന് കാരണമാകുന്നത്.

എ ഐ ഉപകരണങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കൂടുതല്‍ ഓട്ടോമേഷനിലേക്ക് നയിക്കുമെന്നും കോര്‍പ്പറേറ്റ് തൊഴില്‍ നഷ്ടങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ആമസോണ്‍ സി ഇ ഒ ആന്‍ഡി ജാസി കഴിഞ്ഞ സമ്മറില്‍ വെളിപ്പെടുത്തിയിരുന്നു.

Advertisment