/sathyam/media/media_files/2025/11/23/c-2025-11-23-02-12-36.jpg)
ഡബ്ലിന്‍: സ്‌കൂള്‍ മീല്‍സ് പ്രോഗ്രാമില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാലും വെള്ളവും മാത്രമേ അനുവദിക്കൂ. കൂടുതല്‍ ജൈവ, ഐറിഷ് ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതിയുടേതാണ് ഈ ശുപാര്‍ശകള്‍. ഇതു സംബന്ധിച്ച പ്രപ്പോസല്‍ സമിതി മന്ത്രിക്ക് നല്‍കുമെന്ന് കമ്മിറ്റിയുടെ അധ്യക്ഷനും കര്‍ഷകനുമായ ഫിനഫാള്‍ ടിഡി കാതല്‍ ക്രോ അറിയിച്ചു.
300 മില്യണ്‍ യൂറോ ബജറ്റില്‍ നടപ്പാക്കുന്ന ഹോട്ട് സ്‌കൂള്‍ മീല്‍സ് പദ്ധതിയില്‍ 5,50,000 കുട്ടികളാണുള്ളത്. സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം,ആരോഗ്യം എന്നീ വകുപ്പുകളും അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി പ്രതിനിധികളും ഉള്‍പ്പെടുന്ന ഇന്റര്‍-ഡിപ്പാര്‍ട്ട്മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
സ്‌കൂള്‍ സന്ദര്‍ശിക്കാറുള്ള ഡെന്റിസ്റ്റുകള്‍ കുട്ടികള്‍ക്കുള്ള പാനീയങ്ങള്‍ പാലിലോ വെള്ളത്തിലോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നുവെന്ന് ഫിന ഫാള്‍ ടി ഡി ജോണ്‍ കോണോളി കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ദന്ത ശുചിത്വം മുന്‍നിര്‍ത്തി കുട്ടികള്‍ ജ്യുസുകളും സ്മൂത്തികളും കൊണ്ടുവരുന്നത് തടയുന്നതിന് എല്ലാ കുട്ടികള്‍ക്കും പാലോ വെള്ളമോ നല്‍കുന്ന വിധത്തില്‍ പദ്ധതി വിപുലീകരിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സമിതിയുടെ ശുപാര്‍ശകളില്‍ പാലും വെള്ളവും ഉള്‍പ്പെട്ടത്.
പൊതു ധനസഹായത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിലൂടെ ഐറിഷ് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായം സിന്‍ ഫെയ്ന്‍ ടി ഡി ഷോന് നി റഗല്ലൈ മുന്നോട്ടുവെച്ചു.പദ്ധതിയില്‍ 10% ജൈവ ഭക്ഷണം മാത്രമാണുള്ളത്. ഈ അളവ് ഉയര്‍ത്തണമെന്ന ആവശ്യവുമുണ്ടായി.കമ്മിറ്റിയുടെ അധ്യക്ഷന്‍ ടി ഡി കാതല്‍ ക്രോയാണ് ഈ ആശയം മുന്നോട്ടുവെച്ചത്.
കുട്ടികള്‍ക്ക് വെള്ളമാണ് ഏറ്റവും നല്ല പാനീയമെന്നും പഴച്ചാറുകള്‍ 150 മില്ലിയായി പരിമിതപ്പെടുത്തണമെന്നും ദിവസത്തില്‍ ഒരു തവണ മാത്രമേ നല്‍കാവൂയെന്നും വര്‍ക്കിംഗ് ഗ്രൂപ്പിലെ ഡയറ്റീഷ്യന്‍ ഫിയോണ വാര്‍ഡും വ്യക്തമാക്കി. ഐറിഷ് കുട്ടികള്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതില്‍ വളരെ പിന്നിലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us