ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പിടിപ്പുകേടുകള്‍ എടുത്ത് പറഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jhjhijhihughgf

ലിമെറിക് : ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കൗമാരക്കാരി മരിച്ച സംഭവത്തില്‍ ലിമെറിക് ഹോസ്പിറ്റലിന്റെ വീഴ്ചകള്‍ എടുത്ത് പറഞ്ഞ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.പന്ത്രണ്ട് മണിക്കൂറിലേറെ കാത്തിരുന്നിട്ടും നോക്കാനാളില്ലാതെ വന്നതിനെ തുടര്‍ന്നാണ് ക്ലെയറിലെ ഷാനനില്‍ നിന്നുള്ള ഈഫ ജോണ്‍സ്റ്റണിന് (16) ജീവന്‍ നഷ്ടമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

ഹോസ്പിറ്റല്‍സ് ഗ്രൂപ്പിലെ ചീഫ് ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫ ബ്രയാന്‍ ലെനെഹാന്‍ എച്ച എസ് ഇ വിദഗ്ധ ടീമുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയാക്കിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അന്തിമമാക്കിയിരുന്നു. എന്നിട്ടും കഴിഞ്ഞ ആഴ്ചയാണ് കുട്ടിയുടെ കുടുംബത്തിന് നല്‍കിയത്.

അയോഫയുടെ മരണം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായെങ്കിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി ഇപ്പോഴും ഈ ഹോസ്പിറ്റല്‍ തുടരുകയാണ്.

ജീവനെടുത്തത് തിരക്കും ആശുപത്രി മാനേജ്മെന്റിന്റെ പിടിപ്പു കേടും

തിരക്കേറിയ അത്യാഹിത വിഭാഗത്തിലാണ് അയോഫ് മണിക്കൂറുകള്‍ ചികില്‍സ കാത്തിരുന്നത്. എന്നാല്‍ രാത്രി വൈകിയിട്ടും സെപ്സിസിനുള്ള ചികില്‍സ ലഭിച്ചില്ല. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ കുട്ടിയുടെ വഷളാകുന്ന ആരോഗ്യത്തെക്കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിക്കുകയായിരുന്നു. സെപ്സിസ് ചികില്‍സ സംബന്ധിച്ച മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതര്‍ പാലിച്ചില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 2022ഡിസംബര്‍ 19നാണ് അവള്‍ മരിച്ചത്.

‘ആശുപത്രിയിലെ വര്‍ധിച്ച തിരക്ക് കൈകാര്യം ചെയ്യുന്നതിന് പ്ലാനും പദ്ധതിയുമൊന്നുമില്ലാതെ പോയതാണ് കുട്ടിയുടെ ജീവനെടുത്തതെന്ന് റിപ്പോര്‍ട്ട് തുടരുന്നു.രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ജീവനക്കാരാകട്ടെ തീരെ കുറവും. അതിനാല്‍ ഹോസ്പിറ്റല്‍ പെരുമാറ്റച്ചട്ടം പാലിക്കാന്‍ കഴിയാതെ പോയി.ഇതു സംബന്ധിച്ച ധാരണകളൊന്നും മാനേജ് മെന്റിനുണ്ടായിരുന്നില്ല’. റിപ്പോര്‍ട്ട് പറയുന്നു.

വിനയായത് സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനം

ലിമെറിക്ക്, ക്ലെയര്‍, നോര്‍ത്ത് ടിപ്പററി എന്നിവിടങ്ങളിലെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആക്സിഡന്റ്, എമര്‍ജന്‍സി യൂണിറ്റുകളും യു എച്ച് എല്ലിലേയ്ക്ക് മാറ്റിയ 2009ലെ ഗവണ്‍മെന്റ് തീരുമാനമാണ് ആശുപത്രി പ്രവര്‍ത്തനം അട്ടിമറിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

ഈ തീരുമാനം പുനപ്പരിശോധിക്കാനാവില്ലെന്ന് ആശുപത്രി സന്ദര്‍ശിക്കവെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കിയിരുന്നു. 

മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചപ്പോള്‍ ഇക്കാര്യം പുനപ്പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ക്ഷമാപണവുമായി എച്ച് എസ് ഇയും ലിമെറിക് ആശുപത്രിയും

ആരോഗ്യരംഗത്തിനാകെ കളങ്കമായ ഈ നടപടിയില്‍ പരിചരണത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ക്ക് എച്ച് എസ് ഇയും അന്വേഷണ കമ്മീഷനും കുടുംബത്തോട് ക്ഷമ ചോദിച്ചു.അവലോകന റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി കോറോണര്‍ക്ക് റഫര്‍ ചെയ്തു.

യു എല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് കോലെറ്റ് കോവനും വീഴ്ചകള്‍ എടുത്തുപറഞ്ഞ് ക്ഷമാപണം നടത്തി കുടുംബത്തിന് കത്തു നല്‍കി.

എച്ച് എസ് ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെര്‍ണാഡ് ഗ്ലോസ്റ്ററിന് റിപ്പോര്‍ട്ട് ലഭിച്ചു. ഇദ്ദേഹം ഇത് ഗൗരവകരമായി അവലോകനം ചെയ്തുവരികയാണ്. കുട്ടിയുടെ കുടുംബം അനുവദിച്ചാല്‍ അവരെ നേരിട്ടുകാണാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

Limerick University Hospital
Advertisment