ലിമറിക്ക് സിറ്റിയിലെ വീട്ടില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ച് ഗാര്‍ഡ. ഇന്നലെ പുലര്‍ച്ചെ 2.25-ഓടെയാണ് സംഭവം. തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ഉപകരണം നിര്‍വ്വീര്യമാക്കി.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലിമറിക്കില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ബല്ലിനകറ വെസ്റ്റോണില്‍ ഫയര്‍ബോംബിട്ട് നശിപ്പിച്ച് ഒരു കാറിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇത് നിര്‍വ്വീര്യമാക്കിയിരുന്നു. ഇതിന് സമീപത്തെ വീടിന് നേരെ വെടിവെപ്പും ഉണ്ടായിരുന്നു. ട്രീറ്റി സിറ്റിയിലെ രണ്ട് കുറ്റവാളി സംഘങ്ങള്‍ തമ്മില്‍ നടന്നുവരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് സ്‌ഫോടകവസ്തു കണ്ടെടുത്തതെന്നാണ് നിഗമനം.
രണ്ട് ക്രൈം ഫാമിലികള്‍ക്കിടെ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും ആഴ്കള്‍ക്കിടെ ബല്ലിനകറ വെസ്റ്റോൺ, സൗത്തിൽ, കോർബല്ല്യ എന്നിവിടങ്ങളില്‍ വീടുകള്‍ക്കും കാറുകള്‍ക്കും നേരെ പൈപ്പ് ബോംബ് ആക്രമണം, വെടിവെപ്പ്, കത്തിക്കുത്ത് എന്നിവയെല്ലാം നടന്നുവരികയാണ്. നിരവധി പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുള്ളത്. ഏതാനും പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.