Advertisment

അയർലണ്ടിൽ അതിപുരാതന ബൈബിൾ പ്രദർശനം തടഞ്ഞ് ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം

New Update
654edfvb

ഡബ്ലിന്‍ : ട്രിനിറ്റി കോളേജിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം അടുത്തൊന്നും അവസാനിക്കില്ലെന്ന് സൂചന.സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ട്രിനിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ലാസ്ലോ മോള്‍നാര്‍ഫിയാണ് വ്യക്തമാക്കുന്നത്. എൺപതോളം  വിദ്യാര്‍ത്ഥികളാണ് ക്യാമ്പ്മെന്റില്‍ പങ്കെടുക്കുന്നത്. ബുക്ക് ഓഫ് കെല്‍സിലേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയാണ് ഇവര്‍ ചെയ്യുന്നത്.സമരത്തിന് പിന്നില്‍ മത രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

Advertisment

സമരം തുടരും…

യൂണിവേഴ്‌സിറ്റി ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് വരെ കോളേജ് കാമ്പസിൽ സൂക്ഷിച്ചിരിക്കുന്ന അതി പുരാതന ബൈബിളിന്റെ കൈയെഴുത്തു പ്രതിയായ  ബുക്ക് ഓഫ് കെല്‍സിലേക്കുള്ള പ്രവേശനം അനുവദിക്കില്ലെന്നും  ഇദ്ദേഹം തറപ്പിച്ചു പറയുന്നു. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ ദിവസവും   ബുക്ക് ഓഫ് കെല്‍സ് കാണാൻ എത്തിയിരുന്നത്.   വെള്ളിയാഴ്ചയാണ് കോളേജിലെ പ്രശസ്തമായ ഓള്‍ഡ് ലൈബ്രറിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ക്യാമ്പ്-ഔട്ട് പ്രതിഷേധം ആരംഭിച്ചത്.കാമ്പസ് അടച്ചിട്ടുകൊണ്ടാണ് അധികൃതര്‍ പ്രക്ഷോഭത്തെ നേരിടുന്നത്.

പ്രക്ഷോഭത്തെ പരാജയപ്പെടുത്താനുള്ള നീക്കമായാണ് യൂണിയന്‍ ഇതിനെ കാണുന്നത്. ക്യാമ്പസിലെ ലൈബ്രറികളും ബാത്ത് റൂമുകളുമടക്കം എല്ലാ സൗകര്യങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയുടെ പ്രതികരണം ലജ്ജാകരമാണെന്ന് യൂണിയന്‍ ആരോപിക്കുന്നു.

പിഴ ചുമത്തിയതിന്റെ പ്രശ്‌നം

വിവിധ ആവശ്യങ്ങളുയര്‍ത്തി യൂണിയന്‍ സമരം സംഘടിപ്പിച്ചതിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി , യൂണിയന് മേല്‍ 2,14000 യൂറോ പിഴ ചുമത്തിയിരുന്നു. ഇതിനെതിരായ നീക്കമെന്ന നിലയിലാണ് പ്രക്ഷോഭമെന്നാണ് വിലയിരുത്തുന്നവരുണ്ട്.യൂണിയന്‍ നേരിടുന്ന പ്രശ്‌നത്തെ സമകാലിക ആഗോള രാഷ്ട്രീയ സംഘര്‍ഷവുമായി കൂട്ടുചേര്‍ത്ത് പരിഹാരമുണ്ടാക്കുകയാണ് യൂണിയന്റെ ഗൂഢ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്.ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍, ഫീസ് വര്‍ദ്ധന, ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള കോളേജിന്റെ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ പ്രക്ഷോഭം നടത്തിയതിന്റെ പേരിലാണ് യൂണിവേഴ്‌സിറ്റി പിഴ ചുമത്തിയത്.വിദ്യാര്‍ത്ഥി യൂണിയനെ ഭീഷണിപ്പെടുത്താനാണ് 200,000 യൂറോ പിഴ ചുമത്തിയതെന്ന് യൂണിയന്‍ ആരോപിക്കുന്നു.പിഴയടക്കാനുള്ള ശേഷി യൂണിയനില്ല. അതിനാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രസിഡന്റ് പറയുന്നു.

വിദ്യാര്‍ത്ഥികളുടെ ആവശ്യം

ഇസ്രായേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാനും ഗാസയിലെ സംഘര്‍ഷത്തെ അപലപിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം.പലസ്തീനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന ആവശ്യവും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നു.

യു എന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ നിന്ന് പിന്മാറുന്നത് പരിശോധിക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നതെന്നും ഇദ്ദേഹം പറഞ്ഞു.റഷ്യ-ഉക്രൈയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അവര്‍ റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചു. അത് ഇപ്പോഴും ചെയ്യണമെന്നാണ് ആവശ്യം.

ഗാസയിലെ നിലവിലെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ട്രിനിറ്റിയോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്ന് യൂണിയന്‍ പ്രസിഡന്റ് പറയുന്നു.

ഗോള്‍വേയുടെ മാതൃക പിന്തുടരണം

ഇസ്രായേല്‍ സ്ഥാപനങ്ങളുമായുള്ള ബന്ധം പുനപ്പരിശോധിക്കാന്‍ ഗോള്‍വേ സര്‍വകലാശാലയെടുത്ത തീരുമാനം ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഗോള്‍വേ സര്‍വകലാശാലയ്ക്ക് അതിന് കഴിയുമെങ്കില്‍ ട്രിനിറ്റിക്കും കഴിയും.

പിന്തുണയുമായി ലേബര്‍ പാര്‍ട്ടി

അതേ സമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് രാഷ്ട്രീയ പിന്തുണയും ഏറുകയാണ്.ലേബര്‍ പാര്‍ട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.പാര്‍ട്ടിയുടെ തുടര്‍ വിദ്യാഭ്യാസ വക്താവ് സെനറ്റര്‍ ആനി ഹോയിയാണ് സമരത്തിനുള്ള പാര്‍ട്ടി പിന്തുണ വ്യക്തമാക്കിയത്.

‘ട്രിനിറ്റി കോളേജ് ഡബ്ലിന്‍ എന്‍ഡോവ്മെന്റ് ഫണ്ട് 13 ഇസ്രായേലി കമ്പനികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അതില്‍ മൂന്ന് ബാങ്ക് ലൂമി, ഷാപ്പിര്‍ എഞ്ചിനീയറിംഗ്, എനര്‍ജിക്‌സ് എന്നിവയടക്കം ഈ കമ്പനികളെല്ലാം യു എന്‍ ബ്ലാക്ക്ലിസ്റ്റില്‍പ്പെട്ടവയാണ്.’പന്ത്രണ്ട് ഇസ്രായേലി സംഘടനകളില്‍ നിന്ന് ഗവേഷണത്തിനായി 2.5 മില്യണ്‍ യൂറോ ട്രിനിറ്റിക്ക് ലഭിക്കുന്നുണ്ട്.

ഈ സംഘടനകള്‍ക്ക് ഇസ്രായേലി പ്രതിരോധ സേനയുമായും പലസ്തീന്‍ അധിനിവേശവുമായും നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയതാണ്’

‘കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിട്ടും ഒരു നടപടിയുമെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.സമാധാനപരമായി പ്രതിഷേധിക്കുമ്പോള്‍ അതിനെ അവഗണിക്കുന്നത് ശരിയല്ല ‘വക്താവ് പറഞ്ഞു.

pro-palastine-protest
Advertisment