/sathyam/media/media_files/2025/06/25/vfvcfcc-2025-06-25-04-50-24.jpg)
ഞായറാഴ്ച ഡബ്ലിന്‍ നഗരത്തില്‍ വംശീയവിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും നടന്നു. ഉച്ചയോടെ നടന്ന റാലികളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഇരു റാലിക്കാരെയും ബാരിക്കേഡുകള്‍ വച്ച് തരംതിരിച്ചു. ഒ ’കണൽ ബ്രിഡ്ജ് കുറച്ചുസമയത്തേയ്ക്ക് അടച്ചിടുകയും ചെയ്തു.
സെൻട്രൽ പ്ലാസ ഓൺ ഡമേ സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച ‘യുണൈറ്റഡ് എഗൈൻസ്റ്റ് റേസിംസം ’ റാലി നഗരത്തിലൂടെ മാര്‍ച്ച് ചെയ്ത് 2 മണിയോടെ ഒ ’കണൽ ബ്രിഡ്ജില്‍ എത്തി. ‘സര്‍ക്കാരിനെ കുറ്റപ്പെടുത്തൂ, കുടിയേറ്റക്കാരെയല്ല,’ ‘ഡബ്ലിന്‍ വംശീയവിദ്വേഷത്തിനെതിരെ നിലകൊള്ളുന്നു’ മുതലായ ബാനറുകളും റാലിയില്‍ ഉയര്‍ന്നിരുന്നു. ‘അഭയാര്‍ത്ഥികളെ സ്വീകരിക്കണം’ എന്നും പങ്കെടുത്തവര്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം ഒ ’കണൽ സ്ട്രീറ്റിലൂടെ എത്തിയ കുടിയേറ്റ വിരുദ്ധ റാലി ജെട്ടിയിലേയ്ക്ക് പോകുന്നതിന് മുമ്പായി ഒ ’കണൽ ബ്രിഡ്ജിന് നേരെ ഇടത്തോട്ട് തിരിഞ്ഞു. തുടര്‍ന്ന് രണ്ട് റാലികളില്‍ പങ്കെടുത്തവരും പരസ്പരം ആക്രോശിക്കുകയും, ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. ഇവര്‍ക്കിടയില്‍ ഗാര്‍ഡ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു.
നിരവധി പേര്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ഐറിഷ് പതാകകള്‍ക്ക് പുറമെ യുഎസ് പതാകകള്‍ ഏന്തിയവരും, ‘മെയ്ക്ക് അയര്‍ലണ്ട് ഗ്രേറ്റ് എഗെയ്ന്‍’ എന്നെഴുതിയ തൊപ്പികള്‍ ധരിച്ചവരും ഉണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരും പ്രകടനത്തിനെത്തി.