/sathyam/media/media_files/2025/11/09/c-2025-11-09-03-36-35.jpg)
ഗോള്‍വേ: അയര്‍ലണ്ടിലെ ആദ്യത്തേതെന്ന് കരുതുന്ന ഗോള്‍വേ മുസ്ലിം മോസ്‌കും , അഭയാര്‍ത്ഥി കേന്ദ്രങ്ങളായ ഹോട്ടലുകള്‍ എന്നിവ ആക്രമിക്കുമെന്ന് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ട് പേരെ പോര്‍ട്ട്‌ലീഷ് ജില്ലാ കോടതി റിമാന്റ് ചെയ്തു.
വിവാദ വീഡിയോ വീട്ടില്‍ നിന്നും കണ്ടെത്തിയതിന്റെ പേരില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് പോര്‍ട്ട്‌ലീഷിലെ ലോക്കല്‍ ഡ്രഗ്സ് യൂണിറ്റംഗങ്ങള്‍ ടൗണിലെ അന്നലോംഗ് സ്വദേശി ഗാരറ്റ് പൊല്ലോക്കി(35)നെ അറസ്റ്റ് ചെയ്തത്. മോസ്‌കും മറ്റും തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായാണ് ഗാര്‍ഡയുടെ ആരോപണം.സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചതടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെയുണ്ട്. പൊല്ലോക്കിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഒരു ഉപകരണത്തില്‍ നിന്നാണ് വീഡിയോ കണ്ടെത്തിയതെന്ന് ഗാര്‍ഡ പറയുന്നു.
പ്രത്യേക ഡിറ്റക്റ്റീവ് യൂണിറ്റ് നടത്തിയ തിരച്ചിലിലാണ് വിവാദ വീഡിയോ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ ‘മാനിഫെസ്റ്റോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രേഖയും തിരച്ചിലില്‍ കണ്ടെത്തിയെന്ന് ഗാര്‍ഡ പറഞ്ഞു.
ട്രൈ കളര്‍ പശ്ചാത്തലത്തില്‍ ബാലക്ലാവകള്‍ ധരിച്ച നാല് പുരുഷന്മാര്‍ ഉള്‍പ്പെടുന്ന വീഡിയോയുടെ ഉള്ളടക്കവും കോടതിയില്‍ വിശദീകരിച്ചു. അയര്‍ലണ്ടിലെ ആദ്യത്തെ മുസ്ലിം ആരാധനാലയമായ ഗോള്‍വേ മോസ്‌ക് ആക്രമിക്കുന്നതിനെക്കുറിച്ചും കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന മറ്റ് മോസ്‌കുകള്‍ , ഐപിഎഎസ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയിടുന്നതിനെക്കുറിച്ചുമാണ് വീഡിയോയില്‍ നാല് പുരുഷന്മാര്‍ സംസാരിക്കുന്നത്.
വിവാദ വീഡിയോ
ഭീകരാക്രമണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയുടെ രീതിയിലാണ് വീഡിയോ തുടങ്ങുന്നത്.അയര്‍ലണ്ടിന്റെ വടക്കും തെക്കുമുള്ള പൗരന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്.കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരടക്കം രാജ്യത്തെ എല്ലാവര്‍ക്കും അഭയാര്‍ത്ഥികള്‍ മൂലം മോശം പരിഗണനയാണ് ലഭിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. സര്‍ക്കാര്‍ രാജ്യത്തേക്ക് കൊണ്ടുവന്ന അഭയാര്‍ഥികളുടെ എണ്ണം കാരണം വീടില്ലാത്തവരും പട്ടിണി കിടക്കുന്നവരും ആലംബമില്ലാത്തവരുമെല്ലാം അവഗണിക്കപ്പെടുകയാണ്. ഇതിനെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാനാണ് ശ്രമിക്കുന്നതെന്ന് വീഡിയോ പറയുന്നു.
നമ്മുടെ പരമാധികാരത്തിന് അഭയാര്‍ത്ഥികള്‍ ഭീഷണിയാണെന്നും വീഡിയോയില്‍ പറയുന്നു. അയര്‍ലണ്ടിലെ ആദ്യത്തെമോസ്‌കിന്റെ നാശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അവര്‍ പറയുന്നു.ഇത് അവസാനത്തെ ആക്രമണമല്ല.കണ്ണിനു കണ്ണ് എന്നാണ് കാഴ്ചപ്പാട്.ഐപിഎഎസ് കേന്ദ്രങ്ങള്‍, മോസ്‌കുകള്‍ , അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലുകള്‍ എന്നിവ ലക്ഷ്യമിടുമെന്നും വീഡിയോ പറയുന്നു.
ഇയാള്‍ക്കെതിരായ കുറ്റം ഗൗരവമുള്ളതാണെന്നും ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ ഗാര്‍ഡ പറഞ്ഞു. ഇയാള്‍ രാജ്യത്തിന് ഭീഷണിയാണ്. ഇയാള്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ഗാര്‍ഡ പറഞ്ഞു.വീഡിയോയിലെ മുഖംമൂടി ധരിച്ച നാല് പേരിലൊരാള്‍ താനാണെന്ന് തന്റെ കക്ഷി സമ്മതിച്ചിട്ടില്ലെന്ന് പൊല്ലോക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.
വീഡിയോ കണ്ടപ്പോള്‍, പൊല്ലോക്ക് പ്രതിയാണെന്ന ഗാര്‍ഡയുടെ സംശയം ശരിയാണെന്ന് ബോധ്യപ്പെട്ടെന്ന് കോടതി പറഞ്ഞു.അതിനാല്‍ ഇയാള്‍ക്ക് ജാമ്യം നിഷേധിക്കുകയാണെന്നും ജഡ്ജി കോഡി പറഞ്ഞു.അടുത്ത വ്യാഴാഴ്ച കോടതിയില്‍ ഇയാളെ വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കേസില്‍ അറസ്റ്റിലായ ലൂത്തിലെ ദ്രോഗെഡ ന്യൂഫൗണ്ട്വെല്‍ റോഡിലെ കരോലിസ് പെക്കാസ്‌കാസിനെ(38)യും കോടതിയില്‍ ഹാജരാക്കി.ലാസിലെ പോര്‍ട്ട്‌ലീഷിലെ ഒ മൂര്‍ പ്ലേസില്‍ സ്‌ഫോടകവസ്തു കൈവശം വച്ചതിനാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.ഇയാള്‍ക്കായി പരിഭാഷകനെ അനുവദിച്ച കോടതി ഇയാളെയും റിമാന്റ് ചെയ്തു.അടുത്ത ആഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കാനും ഗാര്‍ഡയോട് നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us