/sathyam/media/media_files/vwU5MhclqBpJGjuDrVuF.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍ നടപടികളൊരുങ്ങുന്നു. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചും ഫണ്ട് നല്‍കിയും കാര്യങ്ങള്‍ വേഗത്തിലാക്കുന്നത്. അപേക്ഷകളില്‍ തീരുമാനങ്ങള്‍ അതിവേഗമുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഐ പി ഒ ഓഫീസില്‍ അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.ഇരുപത് അധിക ഇന്റര്‍വ്യൂ റൂമുകളും ഇവിടെ തുറന്നു.
2022 നവംബറിലാണ് നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡി ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യുന്നതിന് സംവിധാനം അവതരിപ്പിച്ചത്. അല്‍ബേനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, കൊസോവോ, മാസിഡോണിയ, മോണ്ടിനെഗ്രോ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തി സുരക്ഷിത രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുമുണ്ട്.
പുതിയതായി വരുന്നവര്‍ക്ക് താമസസൗകര്യം കണ്ടെത്താന്‍ ഇന്റഗ്രേഷന്‍ വകുപ്പ് വന്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും വിവിധ റിസപ്ഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ഇപ്പോള്‍ത്തന്നെ ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളിലെ സ്ഥിതി ദയനീയമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എമര്‍ജന്‍സി സെന്ററുകളും ആളുകള്‍ താമസിക്കുന്ന ടെന്റുകളും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.അതിനിടയിലാണ് പുതിയ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പാഞ്ഞു നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
1951ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ പ്രകാരം വംശം, മതം, ദേശീയത, രാഷ്ട്രീയ ഭിന്നത,പ്രത്യേക സോഷ്യല്‍ ഗ്രൂപ്പിന്റെ അംഗത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് അഭയം തേടാനാകും. കഴിഞ്ഞ വര്‍ഷം 13,200ലേറെ അഭയാര്‍ഥികളാണ് അയര്‍ലണ്ടിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 400 പേരുടെ കുറവാണിത്.
15000 പേരെ വരെ വര്‍ഷം തോറും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ ഗോര്‍മാനുള്ളത്.എന്നാല്‍ ഭവന പ്രതിസന്ധിയുള്ള രാജ്യത്ത് ഇവര്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കുമെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം അഭയാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നൈജീരിയ, അള്‍ജീരിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ജോര്‍ജിയ എന്നിവയില്‍ നിന്നുള്ളവരാണ് അയര്‍ലണ്ടില്‍ കഴിഞ്ഞവര്‍ഷം അയര്‍ലണ്ടിലെത്തിയ അഭയാര്‍ഥികളിലേറെയും.ജോര്‍ജിയക്കാരാണ് ഇവരില്‍ ഭൂരിപക്ഷവും.
അയര്‍ലണ്ടിലെ ഉയര്‍ന്ന ശമ്പളവും ധാരാളമായുള്ള ജോലിസാധ്യതകളുമാണ് ഇവിടേയ്ക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് ജോര്‍ജിയന്‍ സര്‍ക്കാര്‍ ഡബ്ലിനിലെ എംബസിയില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിച്ചിരുന്നു.
അതേസമയം, സുരക്ഷിത രാജ്യങ്ങളുടെ പട്ടിക വിപുലീകരിക്കുന്നതിനെതിരെ മൂവ്‌മെന്റ് ഓഫ് അസൈലം സീക്കേഴ്‌സ് ഇന്‍ അയര്‍ലന്‍ഡ് വിമര്‍ശനമുന്നയിച്ചു. ഇത് അയര്‍ലണ്ടില്‍ സംരക്ഷണം തേടുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണെന്ന് സംഘടന ആരോപിക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പലരും ഡബ്ലിന്‍ നിയന്ത്രണത്തെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും വളരെ ശക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us