അയര്‍ലണ്ടിലെ ഏഴരലക്ഷം തൊഴിലാളികള്‍ക്കായുള്ള ഓട്ടോ എന്‍ റോള്‍മെന്റ് പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷമെന്ന് സര്‍ക്കാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
uuuuuuu8888888

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി വിഭാവനം ചെയ്ത ഓട്ടോ എന്‍ റോള്‍മെന്റ് പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ പെന്‍ഷന്‍ പദ്ധതികളുടെയൊന്നും ഭാഗമല്ലാത്ത ഏകദേശം ഏഴരലക്ഷം ജീവനക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും.ഇവരും തൊഴിലുടമകളും സര്‍ക്കാരും ഒത്തുചേര്‍ന്നാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക.രണ്ടു ദശാബ്ദത്തോളമായി പ്ലാന്‍ ചെയ്തിട്ടും നടപ്പാകാത്ത പദ്ധതിയാണ് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Advertisment

സ്വകാര്യ മേഖലയിലെ 35 ശതമാനം ജീവനക്കാര്‍ക്കു മാത്രമാണ് രാജ്യത്ത് പെന്‍ഷന്‍ ലഭിക്കുന്നത്. ബാക്കിയുള്ളവര്‍ പെന്‍ഷന്‍ കളത്തിന് പുറത്താണ്. ഈ സാഹചര്യത്തിലാണ് പുതിയ പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് ഓട്ടോ-എന്റോള്‍മെന്റ് പെന്‍ഷന്‍ പദ്ധതിയെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി വ്യക്തമാക്കി.

പെന്‍ഷന്‍ പദ്ധതി ഇങ്ങനെ

ആദ്യ മൂന്നു വര്‍ഷം തൊഴിലാളികള്‍ അവരുടെ ശമ്പളത്തിന്റെ 1.5 ശതമാനം പദ്ധതിയിലേക്ക് നല്‍കും.തൊഴിലുടമകളും അത്രയും തുക നല്‍കും. നാലാം വര്‍ഷം മുതല്‍ ഇത് മൂന്നു ശതമാനമായി വര്‍ദ്ധിക്കും. ഏഴാം വര്‍ഷത്തില്‍ 4.5 ശതമാനമായും 10ാം വര്‍ഷം മുതല്‍ 6 ശതമാനമായും ഉയരും.തൊഴിലാളി അടയ്ക്കുന്ന ഓരോ 3 യൂറോയ്ക്കും പകരം തൊഴിലുടമയും അതേ തുക നല്‍കും.സര്‍ക്കാര്‍ ഒരു യൂറോ വീതവും നല്‍കും.അങ്ങനെയാകും പെന്‍ഷന്‍ യാഥാര്‍ഥ്യമാക്കുക.

ഓട്ടോ എന്റോള്‍മെന്റ് ബില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പാര്‍ലമെന്ററി സമിതി പാസ്സാക്കും.ബില്‍ എത്രയും വേഗം നിയമമാക്കാന്‍ രാവും പകലും ഡെയിലിലും സീനഡിലും ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.

നടപ്പാകുന്നത് 18 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതി

കഴിഞ്ഞ 18 വര്‍ഷമായി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ വര്‍ഷം പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നത്.മുമ്പ് രണ്ട് തവണയും പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതിയാണിത്.നവംബര്‍ പകുതിയോടെ നടപ്പാക്കാനാണ് ആദ്യം സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിച്ചത്.ഈ നിയമനിര്‍മ്മാണത്തിന്റെ കരട് 2023 അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.അതും നടന്നില്ല. ഒക്ടോബറിലെ ബജറ്റിലും ഇതിന് തുക വകയിരുത്താനുമായില്ല.

ടെന്റര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പെന്‍ഷന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.പ്രീ-ക്വാളിഫിക്കേഷന്‍ പൂര്‍ത്തിയായി.ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറായെന്നും മന്ത്രി പറഞ്ഞു.

പുതിയ പെന്‍ഷന്‍ സ്‌കീമിന്റെ സാമ്പത്തിക ബാധ്യതയെച്ചൊല്ലി തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ടെന്ന് മന്ത്രി അംഗീകരിച്ചു.എന്നിരുന്നാലും അതിന്റെ പേരില്‍ പദ്ധതി നടപ്പാക്കുന്നത് വൈകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

auto-enrollment-pension
Advertisment