/sathyam/media/media_files/2025/12/04/f-2025-12-04-02-59-08.jpg)
ബ്രസല്‍സ്: നിരോധിത ഹോര്‍മോണുകള്‍ അടങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ബീഫ് ഉത്പ്പന്നങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ ഷോപ്പുകളില്‍ നിന്നും തിരിച്ചുവിളിച്ചു.യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫ് ഉല്‍പ്പന്നങ്ങളിലാണ് നിരോധിച്ച ഹോര്‍മോണുകള്‍ അടങ്ങിയെന്ന് കണ്ടെത്തിയത്.
ഈ മാസമാദ്യമെത്തിയ ഉത്പ്പന്നങ്ങളിലാണ് നിരോധിത ഹോര്‍മോണുകള്‍ ഉള്‍പ്പെട്ടത്.ഓസ്ട്രിയ, ബെല്‍ജിയം, സൈപ്രസ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സ്ലൊവാക്യ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലാണ് നിരോധിത ഹോര്‍മോണ്‍ ചേര്‍ന്ന ഉത്പ്പന്നങ്ങളെത്തിയത്.യുകെയിലും (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെ) ഈ ഉത്പ്പന്നങ്ങളെത്തി.
അതിനിടെ ഇ യു പിന്തുണയ്ക്കുന്ന മെര്‍കോസൂര്‍ കരാറിന്റെ പ്രതിഫലനമാണ് ബ്രസീലില്‍ ഉയര്‍ന്നു വന്ന ഹോര്‍മോണ്‍ ബീഫ് ഉല്‍പ്പന്നങ്ങളെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ബ്രസീലിലെ നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ബീഫ് ഉത്പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച നടപടിയെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐ എഫ് എ) ആരോപിച്ചു.
മെര്‍കോസൂര്‍ കരാറിന്റെ പ്രതിഫലനം
ബ്രസീലില്‍ മൃഗങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുമെന്നും യൂറോപ്യന്‍ യൂണിയനില്‍ നിരോധിച്ച ഹോര്‍മോണുകള്‍ അവിടെ ലഭ്യമാണെന്നും ഐറിഷ് ഫാര്‍മേഴ്‌സ് ജേണല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കുന്നതാണ് മെര്‍കോസൂര്‍ കരാര്‍.
മെര്‍കോസൂര്‍ രാജ്യങ്ങളായ അര്‍ജന്റീന, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലേക്കുള്ള ഇ യു കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതാണിത്. ഈ രാജ്യങ്ങള്‍ക്ക് 99,000 ടണ്‍ ബീഫും 180,000 ടണ്‍ കോഴിയിറച്ചിയും യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നതാണ് കരാര്‍.അയര്‍ലണ്ട്, ഫ്രാന്‍സ് എന്നിവയുള്‍പ്പടെ വിവിധ ഇ യു അംഗ രാജ്യങ്ങള്‍ കാര്‍ഷിക വിപണികളെ വന്‍തോതില്‍ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ കരാറിനുള്ള അംഗീകാരത്തെ എതിര്‍ത്തിരുന്നു.
ബ്രസീല്‍ നല്‍കുന്ന ദുസ്സൂചനകള്‍
ബ്രസീലിലെ കശാപ്പുശാലകളിലെ നിയന്ത്രണങ്ങളുടെ അഭാവം വളരെ ആശങ്കകളുയര്‍ത്തുന്നു. ഇതാണ് ഹോര്‍മോണ്‍ ബീഫ് യൂറോപ്യന്‍ യൂണിയനിലെത്താനും യൂറോപ്യന്‍ പൗരന്മാര്‍ക്ക് വില്‍ക്കാനും അവസരമുണ്ടാക്കിയതെന്ന് ഐ എഫ് എ പ്രസിഡന്റ് ഫ്രാന്‍സി ഗോര്‍മാന്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെയും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെയും ആരോഗ്യവും ക്ഷേമവും പണയപ്പെടുത്തി വന്‍കിട വ്യവസായങ്ങളുടെ നേട്ടത്തിനായി മെര്‍കോസൂര്‍ വ്യാപാര കരാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്കും ചിയര്‍ലീഡര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്നും ഇദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us