അയർലണ്ടിൽ ബീച്ചിൽ പോകുന്നവർ വീവർ ഫിഷിന്റെ കുത്തേൽക്കാതെ ശ്രദ്ധിക്കണേ…

New Update
Bbbfvv

അയര്‍ലണ്ടില്‍ വേനല്‍ കൂടുതല്‍ ശക്തമായതോടെ നിരവധി പേര്‍ ബീച്ചുകളിലും മറ്റും ഉല്ലസിക്കാന്‍ എത്തുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ ബീച്ചിലെത്തുന്ന ആളുകളോട് വീവര്‍ ഫിഷ് (വീവർ ഫിഷ്) എന്ന അപകടകാരിയായ മത്സ്യത്തിന്റെ കുത്തു കൊള്ളാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നാഷണൽ പോയ്സൺസ് ഇൻഫർമേഷൻ സെന്റർ ഓഫ് അയർലണ്ട് (എൻ പി ഐ സി). ബീച്ചില്‍ നീന്താനെത്തിയ ഒരു ഡസനോളം ആളുകള്‍ക്ക് ഇതിനകം വീവര്‍ ഫിഷിന്റെ കുത്തേറ്റിട്ടുണ്ട്.

Advertisment

വലിപ്പത്തില്‍ ചെറുതായ വീവര്‍ ഫിഷിന് കൂര്‍ത്ത കൊമ്പുകളും, അതില്‍ ചെറിയ വിഷവുമുണ്ട്. അയര്‍ലണ്ടില്‍ എല്ലാ കടല്‍ത്തീരങ്ങളിലും അടിത്തട്ടിലെ മണലിനടിയിലായി ഇവയെ കാണാം. പൊതുവില്‍ ഇളം ചൂടുള്ള വെള്ളത്തിലാണ് ഇവ കാണപ്പെടുക.

മിക്ക സമയങ്ങളിലും അടിത്തട്ടിലാണുണ്ടാകുക എന്നതിനാല്‍ ഇവ കണ്ണില്‍ പെടുക പ്രയാസമാണ്. അഥവാ കുളിക്കുമ്പോഴും മറ്റും വീവര്‍ ഫിഷിനെ ചവിട്ടിയാല്‍ അത് ഉടന്‍ തന്നെ തിരികെ കുത്തും. ശക്തമായ വേദനയാണ് ഇതിന്റെ ഫലമായി ഉണ്ടാകുക. ആദ്യ രണ്ട് മണിക്കൂര്‍ വേദന കഠിനമായിരിക്കുകയും ചെയ്യും. കുത്തേറ്റ ഭാഗം വീര്‍ത്ത് വരാനും, മരവിപ്പ് തോന്നാനും സാധ്യതയുണ്ട്.

വീവര്‍ ഫീഷിന്റെ കുത്ത് കൊള്ളാതിരിക്കാനായി നീന്താനിറങ്ങുമ്പോള്‍ സ്വിം ഷൂസ് അല്ലെങ്കില്‍ ക്രോക്‌സ് ധരിക്കാം. കഴിവതും കുട്ടികളെ ഇവ കുത്താതെ ശ്രദ്ധിക്കണം.

അഥവാ വീവര്‍ ഫിഷിന്റെ കുത്തേറ്റാല്‍ ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ സഹായം തേടാം. അല്ലെങ്കില്‍ 90 മിനിറ്റ് നേരം കുത്തേറ്റ ഭാഗം ചൂടുവെള്ളത്തില്‍ മുക്കിവച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുന്നതാണ്. തണുത്ത വെള്ളം/ഐസ് വയ്ക്കുന്നക് വേദന കൂട്ടിയേക്കാം.

കുത്തേറ്റ മുറിവില്‍ മത്സ്യത്തിന്റെ കൊമ്പിന്റെ ഭാഗങ്ങള്‍ കയറിയിരിക്കാം എന്നതിനാല്‍ മുറിവ് വൃത്തിയാക്കണം. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് ഉപയോഗിക്കാം.

വീവര്‍ ഫിഷിന്റെ കുത്തേറ്റാല്‍ സഹായത്തിനായി എൻ പി ഐ സിയെ ബന്ധപ്പെടാം: 01 809216

Advertisment