കൗണ്ടി കാര്‍ലോയില്‍ തീപിടിച്ച ബസില്‍ നിന്നും എല്ലാ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഗ്‌ളൈന് ക്രോസ്സ്റോഡ്സിലെ എൻ80-യില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിന് തീപിടിച്ചത്.
എന്നാല്‍ കൃത്യസമയത്തെ ഇടപെടല്‍ മൂലം എല്ലാ യാത്രക്കാരെയും ബസില്‍ നിന്നിറക്കി സുരക്ഷിതരാക്കാന്‍ സാധിച്ചു. കാര്‍ലോയില്‍ നിന്നും വെക്‌സ്‌ഫോര്‍ഡ്‌ലേയ്ക്ക് പോകുകയായിരുന്നു ബസ്.
തീപിടിത്തം ഉണ്ടായ ഉടനെ ബസ് റോഡ് സൈഡിലേയ്ക്ക് മാറ്റി നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത് വഴിയാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ പിന്‍വശത്ത് നിന്നുണ്ടായ തീപിടിത്തം ബസിലാകെ പടരുന്നതും, അതിന് മുമ്പായി ഡ്രൈവര്‍ ബസ് സൈഡിലേയ്ക്ക് ഒതുക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ആളുകളെയെല്ലാം ഒഴിപ്പിക്കുകയും, ബസ് പൂര്‍ണമായും കത്തി തീരുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേന തീയണച്ചു.
സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബസിലെ സുരക്ഷാസംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയതാണ് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കാരണമായത്