ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബട്ടറിന്റെ വില 15% വരെ കുറഞ്ഞു

New Update
D

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ ഐറിഷ് സൂപ്പര്‍മാര്‍ക്കറ്റ് നെറ്റ് വര്‍ക്കുകള്‍ അവരുടെ സ്വന്തം ബ്രാന്റിലുള്ള ബട്ടറിന്റെ വില 15% വരെ കുറച്ചു.സൂപ്പര്‍വാലു, സെന്‍ട്ര, ലിഡില്‍ എന്നിവയാണ് ബട്ടര്‍ വില കുറച്ചത്.ഈ നടപടിയില്‍ ഒരു പായ്ക്കറ്റിന്റെ വില 60 സെന്റ് വരെ ലാഭിക്കാനാകുമെന്ന് മസ്ഗ്രേവ് പറയുന്നു.

Advertisment

സൂപ്പര്‍വാലുവിന്റെയും സെന്‍ട്രയുടെയും മാതൃ കമ്പനിയും ഐറിഷ് ഭക്ഷ്യ റീട്ടെയിലറുമായ മസ്ഗ്രേവ് സൂപ്പര്‍വാലു, സെന്‍ട്ര എന്നിവയുടെ സ്വന്തം ബ്രാന്‍ഡ് ബട്ടര്‍ ഉല്‍പ്പന്നങ്ങളുടെ എല്ലാ ശ്രേണിയിലും വിലക്കുറവ് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ രാജ്യവ്യാപകമായി വിലക്കുറവ് പ്രാബല്യത്തില്‍ വന്നു.മറ്റ് പ്രമുഖ റീട്ടെയിലര്‍മാരുടെ സമാനമായ നീക്കങ്ങളെത്തുടര്‍ന്ന്, ഈ വര്‍ഷമാദ്യം സ്വന്തം ബ്രാന്‍ഡ് പാല്‍ ഉത്പ്പന്നങ്ങളുടെ വിലയും മസ്ഗ്രേവ് കുറച്ചിരുന്നു.

15% വരെ വിലക്കുറവു മൂലം ഐറിഷ് ക്രീമറി ബട്ടറില്‍ പായ്ക്കിന് 0.60 സെന്റ് വരെ ലാഭം കിട്ടും. 227 ഗ്രാം, 454 ഗ്രാം വലുപ്പമുള്ള സോള്‍ട്ടഡ്, അണ്‍ സാള്‍ട്ടഡ് ഇനങ്ങള്‍ക്കും വില കുറയും. സൂപ്പര്‍വാലു, സെന്‍ട്ര 454 ഗ്രാം ബ്രാന്‍ഡ് ബട്ടര്‍ ഉല്‍പ്പന്നങ്ങളുടെയും വില 3.99 യൂറോയില്‍ നിന്ന് 3.39 ആയി കുറഞ്ഞു.227 ഗ്രാം പായ്ക്കുകള്‍ക്ക് വില 2.39 യൂറോയില്‍ നിന്ന് 2.09യൂറോയുമായി.

ലിഡിലും ബട്ടര്‍ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചു.ലിഡിലിന്റെ 454 ഗ്രാം ഡയറി മാനറിന്റെ സ്വന്തം ബ്രാന്‍ഡ് വെണ്ണയുടെ വില 3.99 യൂറോയില്‍ നിന്ന് 3.39 യൂറോയായും (60 സെന്റിന്റെ കുറവ്) 227ഗ്രാം ഡയറി മാനറിന്റെ ബട്ടറിന്റെ വില 2.39 യൂറോയില്‍ നിന്ന് 2.09 യൂറോയായും (30സെന്റ്) കുറച്ചു.

സമീപ മാസങ്ങളില്‍ പ്രധാന പലചരക്ക് സാധനങ്ങളിലെല്ലാം വിലക്കുറവുകള്‍ വരുത്തിയിട്ടും ഐറിഷ് കുടുംബങ്ങളില്‍ ക്രിസ്മസ് കാലയളവില്‍ ഉയര്‍ന്ന ഭക്ഷണ ബില്ലുകള്‍ നേരിടേണ്ടി വന്നതായി സമീപകാല കണക്കുകള്‍ പറയുന്നു.നിലവില്‍ ഗ്രോസറി സാധനങ്ങളുടെ പണപ്പെരുപ്പം 6%മാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ വേള്‍ഡ്പാനല്‍ കണക്കുകള്‍ പറയുന്നു. ഇതനുസരിച്ച് നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ക്രിസ്മസ് ഡിന്നറിന്റെ വിലയില്‍ 32.28 യൂറോയുടെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു യൂറോ കൂടുതലാണിത്.

സി എസ് ഒ പണപ്പെരുപ്പ കണക്കുകള്‍ പ്രകാരം 2025 നവംബര്‍ വരെയുള്ള 12 മാസത്തിനുള്ളില്‍ പൗണ്ട് (454 ഗ്രാം) വെണ്ണയുടെ ശരാശരി വില 55 സെന്റ് വര്‍ദ്ധിച്ചു. ഒരു പൗണ്ട് വെണ്ണയുടെ വില ഇപ്പോള്‍ 4.88 യൂറോയാണ്.ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ ഗാര്‍ഹിക ബജറ്റുകളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ശ്രമമാണിതെന്ന് മസ്ഗ്രേവ് പറഞ്ഞു.മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ബ്രാന്റ് ശ്രേണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്നും മസ്ഗ്രേവ് വ്യക്തമാക്കി.

Advertisment