/sathyam/media/media_files/2026/02/13/c-2026-02-13-03-58-09.jpg)
വിവാദങ്ങള്‍ക്ക് വിരാമമിട്ട് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.നിലവിലുള്ള വാടകക്കാരെ പുതിയ നിയമങ്ങള്‍ ബാധിക്കില്ല.വാടക കരാറുകളില്‍ ഭൂവുടമയ്ക്കോ വാടകക്കാരനോ ഉള്ള അവകാശങ്ങളിലും മാറ്റങ്ങളുണ്ടാകില്ല.
മാര്‍ച്ച് ഒന്നിനോ അതിനുശേഷമോ ഉള്ള പുതിയ വാടകക്കാര്‍ക്ക് വാടക മാര്‍ക്കറ്റ് നിരക്കിലേക്ക് പുനക്രമീകരിക്കാന്‍ ലാന്‍ഡ് ലോര്‍ഡിന് കഴിയും.ഇതിന് ശേഷം ആറ് വര്‍ഷത്തേക്ക് വാടക പുതുക്കാനാവില്ല.അതായത് മാര്‍ച്ചിന് ശേഷം പുതിയ വാടകക്കാര്‍ക്ക് മാര്‍ക്കറ്റ് നിരക്കിലുള്ള വാടക കൂടിയേക്കും.പുതുതായി അയർലണ്ടിൽ എത്തുന്നവരും, വാടകയ്ക്ക് വീടെടുക്കുന്നവരുമായ എല്ലാവരെയും പുതിയ നിയമം പ്രതിസന്ധിയിലാഴ്ത്തും.
കരാര്‍ ലംഘിച്ചാലോ താമസസ്ഥലം അനുയോജ്യമല്ലാതായാലോ സ്വന്തം ഇഷ്ടപ്രകാരം വീട് വിടുമ്പോഴോ മാത്രമേ വാടക മാര്‍ക്കറ്റ് നിരക്കിലേക്ക് പുനക്രമീകരിക്കാന്‍ ഭൂഉടമയ്ക്ക് കഴിയൂ.ഈ ഘട്ടത്തിലും പണപ്പെരുപ്പ നിരക്ക് അനുസരിച്ചും രണ്ട് ശതമാനമോ ഏതാണ് കുറവ് എന്നതു നോക്കിയേ വാടക കൂട്ടാനാകൂ.കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് അടിസ്ഥാനമാക്കിയാകും പണപ്പെരുപ്പ നിരക്ക് കണക്കാക്കുക. മാര്‍ച്ച് ഒന്നിനോ അതിനുശേഷമോ ഒപ്പുവെക്കുന്ന കരാറുകളില്‍ ഒരിക്കലും വര്‍ഷത്തില്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ വാടക കൂട്ടാനാകില്ല.
പുതിയ ആറ് വര്‍ഷത്തെ കരാര്‍ നോ ഫോള്‍ട്ട് എവിക്ഷനില്‍ നിന്നും വാടകക്കാരന് സുരക്ഷ നല്‍കും.കരാര്‍ ബാധ്യതകള്‍ ലംഘിക്കപ്പെടുകയോ പ്രോപ്പര്‍ട്ടി ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാതാകുകയോ ചെയ്താല്‍ മാത്രമാണ് ആറ് വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് ലോര്‍ഡിന് വാടകക്കാരനെ പുറത്താക്കാന്‍ കഴിയുക.
ചെറുകിട ഭൂവുടമകള്‍ക്ക് കൂടുതല്‍ ഇളവുകള്‍
ചെറുകിട ഭൂവുടമകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വത്ത് വില്‍ക്കേണ്ടി വന്നാലോ ഭൂവുടമയുടെയോ അടുത്ത കുടുംബാംഗത്തിന്റെ താമസ ആവശ്യത്തിനായോ വാടകക്കാരനെ ഒഴിവാക്കാനാകും.നവീകരിക്കാനോ മറ്റാവശ്യത്തിന് ഉപയോഗിക്കാനോ ആഗ്രഹിച്ചാലും വാടക കരാര്‍ അവസാനിപ്പിക്കാം. നാലോ അതിലധികമോ വാടകക്കാരുള്ളവരെയാണ് വന്‍കിടക്കാരായി തരംതിരിച്ചിട്ടുള്ളത്. മൂന്നോ അതില്‍ കുറവോ വീടുകളുള്ളവരാണ് ചെറുകിടക്കാര്‍.
വലിയ ഭൂവുടമയ്ക്ക് സ്വന്തം ആവശ്യത്തിന് താമസം മാറ്റുന്നതിനും കുടുംബാംഗത്തിന് താമസം മാറ്റുന്നതിനോ സ്വത്തിന്റെ ഉപയോഗം മാറ്റുന്നതിനോ ഈ നിയമം തടയിടും. വീട് പുതുക്കിപ്പണിയുന്നതിനോ വില്‍ക്കാനോ വേണ്ടിയോ വാടകക്കാരനെ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ വാടകക്കാര്‍ താമസിക്കുമ്പോള്‍ തന്നെ വലിയ ഭൂവുടമകള്‍ക്ക് പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ അനുവാദമുണ്ടാകും.
തുടക്കത്തില്‍ വാടക കൂടും
ഭൂവുടമകള്‍ വാടക മാര്‍ക്കറ്റ് നിരക്കിലേക്ക് പുനക്രമീകരിക്കുന്നതിനാല്‍ പരിഷ്‌കാരങ്ങളുടെ തുടക്കത്തില്‍ വാടക വര്‍ദ്ധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.പരിഷ്‌കാരങ്ങള്‍ സ്വകാര്യ ഭൂവുടമകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുമെന്നും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ലഭ്യമായ വാടക വീടുകളുടെ വിതരണം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ അറിയിച്ചു. കൂടുതല്‍ ഭൂവുടമകളെ ആകര്‍ഷിക്കുന്നതും വിപണിയിലുള്ളവരെ നിലനിര്‍ത്തുന്നതുമാകും ഈ മാറ്റങ്ങളെന്നും വിലയിരുത്തുന്നു.
അതേ സമയം,ഈ പരിഷ്‌കാരങ്ങള്‍ ഭയാനകമാണെന്നും ഉയര്‍ന്ന വാടകയിലേക്ക് നയിക്കുകയേയുള്ളൂവെന്നും സിന്‍ ഫെയ്നിന്റെ ഭവന വക്താവ് ഇയോയിന്‍ ഒ ബ്രോയിന്‍ ടി ഡി ആരോപിച്ചു.മൂന്ന് വര്‍ഷത്തേക്ക് വാടക വര്‍ദ്ധനവ് നിരോധിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us