‘ബ്രൗൺ നിറത്തിലുള്ള എന്റെ തൊലിയുടെ നിറം മാറ്റാൻ കഴിയില്ലല്ലോ, സ്വന്തം ഭാഷ സംസാരിക്കാൻ പോലും പേടി’: അയർലണ്ടിലെ ഇന്ത്യക്കാർക്ക് എതിരായ ആക്രമണങ്ങളിൽ മന്ത്രിക്ക് പരാതികളുടെ പ്രളയം

New Update
Bbb

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരായി നടക്കുന്ന അക്രമപരമ്പരകളുടെ പാശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രിക്ക് പരാതികളുടെ പ്രളയം. അക്രമങ്ങളെത്തുടര്‍ന്ന് ഭയത്തില്‍ ജീവിക്കുന്ന നിരവധി ഇന്ത്യക്കാരും, ഇന്ത്യന്‍ വംശജരുമാണ് മന്ത്രി ജിം ഒ’കല്ലഗാന് ഇമെയില്‍ വഴി കത്തുകളും, പരാതികളും അയച്ചത്.

Advertisment

‘തനിക്ക് തന്റെ തൊലിയുടെ നിറം മാറ്റാന്‍ കഴിയില്ലല്ലോ’ എന്ന് ഒരു സ്ത്രീ തന്റെ കത്തില്‍ പറയുമ്പോള്‍, മറ്റൊരാള്‍ എഴുതിയത് ‘പൊതു ഇടങ്ങളില്‍ വച്ച് സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഭയമാകുന്നു’ എന്നാണ്. ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പേടി തോന്നുന്നു എന്നും കത്തിലുണ്ട്. ഏകദേശം 280-ഓളം കത്തുകളാണ് ഇത്തരത്തില്‍ നീതിന്യായവകുപ്പ് മന്ത്രിക്ക് ലഭിച്ചത് എന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായി. ഇതിന് പുറമെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഇന്ത്യന്‍ വിഭാഗക്കാരില്‍ നിന്നും സമാനമായ കത്തുകള്‍ ലഭിച്ചിട്ടുണ്ട്.

ഡബ്ലിനിലാണ് മിക്ക ആക്രമണങ്ങളും നടന്നത് എന്നതിനാല്‍ താന്‍ കുടുംബത്തോടൊപ്പം ഡബ്ലിന് പുറത്തേയ്ക്ക് മാറി താമസിക്കാന്‍ ആലോചിക്കുന്നതായാണ് ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്‍ എഴുതിയ കത്തില്‍ പറയുന്നത്. ബ്രൗണ്‍ നിറമുള്ള തൊലിയുള്ള എന്നെ ഐറിഷ് സമൂഹം സ്വീകരിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടതെന്നാണ് മറ്റൊരു കത്തിലെ ചോദ്യം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി, അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അക്രമികളുടെ ധൈര്യം ഭയപ്പെടുത്തുന്നതാണെന്നും പരാതിക്കാര്‍ പറയുന്നു.

അതേസമയം അയര്‍ലണ്ടിലെ ഇന്ത്യക്കാരെ പിന്തുണച്ചുകൊണ്ട് നിരവധി ഐറിഷുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു കത്തില്‍, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് കുടിയേറ്റക്കാരുടെ സംഭാവന അത്യന്താപേക്ഷിതമാണ് എന്നതിനാല്‍, അവരെ ആക്രമിക്കുന്നവര്‍ക്കായി പ്രത്യേക ജയിലുകള്‍ ഒരുക്കണമെന്ന് ഒരു ഐറിഷുകാരന്‍ പറയുന്നു. അക്രമികളില്‍ എത്ര പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന ചോദ്യമാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ന്യൂഡല്‍ഹിയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നിരുത്തതെങ്കില്‍ അയര്‍ലണ്ടില്‍ അത് വലിയ രീതിയില്‍ പ്രതിഷേധത്തിന് കാരണമായേനെ എന്നും ആളുകള്‍ പറയുന്നു്.

രാജ്യത്തെ വിലവര്‍ദ്ധന, ഭവനപ്രതിസന്ധി മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ കുടിയേറ്റക്കാരാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ചില കത്തുകളില്‍ വിശദീകരിക്കുന്നുണ്ട്.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമങ്ങള്‍ ഈയിടെ ഭേദഗതികളിലൂടെ ശക്തിപ്പെടുത്തിയതായും, കുറ്റക്കാര്‍ക്കെതിരെ ഗാര്‍ഡ അന്വേഷണം നടത്തി ഗൗരവകരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതിന് പ്രതികരണമായി നീതിന്യായവകുപ്പ് വക്താവ് പറഞ്ഞു.

Advertisment