/sathyam/media/media_files/bVvIOASwfp6R0qMFlDKF.jpg)
ഡബ്ലിന്‍: സിറ്റി സെന്ററിലെ കൂടുതല്‍ പ്രദേശങ്ങളില്‍ പൊതുവാഹനങ്ങള്‍ അല്ലാത്ത എല്ലാ വാഹനങ്ങളും നിരോധിച്ചേക്കും. ഇത്തരമൊരു നിര്‍ദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പുതിയ ഡ്രാഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ പ്രസിദ്ധീകരിച്ചു, അത് നടപ്പിലാക്കിയാല്‍, നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാറുകള്‍ നിരോധിക്കുകയും കാല്‍നടയാത്രക്കാര്‍ക്കും പൊതുഗതാഗതത്തിനും സൈക്കിള്‍ യാത്രക്കാര്‍ക്കും, മുന്‍ഗണന നല്‍കികൊണ്ടുള്ള യാത്രാ സംവിധാനം നിലവില്‍ വരികയും ചെയ്യും.
ഡബ്ലിന്‍ നഗര വികസന പദ്ധതിയുടെ 2022-2028 ലക്ഷ്യങ്ങളുടെ ഭാഗമായാണ് കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്.
പാര്‍ലമെന്റ് സ്ട്രീറ്റിലൂടെ കാര്‍ ഗതാഗതം നിരോധനത്തിനുള്ളവ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോഴുള്ളത്, അതേസമയം കോളേജ് ഗ്രീന്‍, ഡെം സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗതാഗതം ജോര്‍ജ്ജ് സ്ട്രീറ്റില്‍ നിന്ന് തിരിച്ചുവിടും.
ബാച്ചിലേഴ്‌സ് വാക്ക്, ആസ്റ്റണ്‍ ക്വേ എന്നിവിടങ്ങളിലെ വടക്ക്, തെക്ക് ഭാഗങ്ങള്‍ പൊതുഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മാത്രമായി പുനര്‍നിര്‍മ്മിക്കാമെന്നും അതില്‍ പറയുന്നു.
വെസ്റ്റ്ലാന്‍ഡ് റോയ്ക്കായി പുതിയ ട്രാഫിക് ക്രമീകരണങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഇത് പ്രകാരം പൊതുഗതാഗതവും സൈക്കിള്‍ യാത്രികരും മാത്രമേ ഇവിടെ നിന്നും പിയേഴ്സ് സ്ട്രീറ്റിലേക്ക് തിരിയാന്‍ അനുവദിക്കൂ.
ഈ ജംഗ്ഷനില്‍ പൊതു ഗതാഗതത്തിനായി ഒരു പുതിയ വലത് തിരിവ് അവതരിപ്പിക്കുകയും പിയേഴ്സ് സ്ട്രീറ്റിന്റെ വെസ്റ്റ്ലാന്‍ഡ് റോ മുതല്‍ സാന്‍ഡ്വിത്ത് സ്ട്രീറ്റ് വരെയുള്ള ഭാഗം രണ്ട് വഴിയാക്കുകയും ചെയ്യും.
വെസ്റ്റ്ലാന്‍ഡ് റോ ഇനി പിയേഴ്സ് സ്ട്രീറ്റിലേക്കുള്ള റൂട്ട് ആയിരിക്കില്ല, പകരം സാമുവല്‍ ബെക്കറ്റ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം അനുവദിക്കും.
പിയേഴ്സ് സ്ട്രീറ്റ്, താര സ്ട്രീറ്റ്, ബെറെസ്ഫോര്‍ഡ് പ്ലേസ്, ഗാര്‍ഡിനര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ സ്ഥലം പുനഃക്രമീകരിക്കാന്‍ അനുവദിക്കും. മൊത്തത്തില്‍, നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (എന്‍ടിഎ) പങ്കാളിത്തത്തോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തയ്യാറാക്കിയ ഡബ്ലിന്‍ സിറ്റി സെന്റര്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാന്‍ 2023, നഗര മധ്യഭാഗത്തെ ഗതാഗതം കുറഞ്ഞ അന്തരീക്ഷമാക്കി മാറ്റാന്‍ വിഭാവനം ചെയ്യുന്നു.
പദ്ധതി നടപ്പിലായാല്‍, കാല്‍നടയാത്രക്കാര്‍ക്കും ബസുകളിലും ലുവാസുകളിലും സൈക്കിളുകളിലും യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ട്രാഫിക് മാനേജ്‌മെന്റ് നടപടികള്‍ നിലവില്‍ വരും.