/sathyam/media/media_files/2025/11/13/v-2025-11-13-05-12-32.jpg)
ഡബ്ലിന്‍ : ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്സ് ഹാളില്‍ നടന്ന ഹൃദ്യമായ ചടങ്ങില്‍ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിന്‍ കോണോളി അധികാരമേറ്റു.1938 മുതലുള്ള എല്ലാ പ്രസിഡന്റുമാരും ചുമതലയേറ്റത് ഇവിടെയായിരുന്നു. പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പ്രസിഡന്റ് പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് കോണോളി.
ചീഫ് ജസ്റ്റിസ് ഡൊണല്‍ ഒ ഡോണല്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ കോണോളി ഏറ്റുചൊല്ലി.തുടര്‍ന്ന് ഡിക്ലറേഷനില്‍ ഒപ്പുവെച്ച് പ്രസിഡന്റായി ഔദ്യോഗികമായി അധികാരമേറ്റു.കോളിന്‍സ് ബാരക്കില്‍ നിന്ന് എ 21 ഗണ്‍ സല്യൂട്ട് മുഴങ്ങിയതോടെ ചീഫ് ജസ്റ്റിസ് ഒ ഡോണല്‍ കോണോളിക്ക് സീല്‍ ഓഫ് ഓഫീസ് കൈമാറി.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ,മുന്‍ ഐറിഷ് പ്രസിഡന്റുമാരായ മേരി മക്അലീസ്, മേരി റോബിന്‍സണ്‍ എന്നിവരും ജുഡീഷ്യറി അംഗങ്ങള്‍, എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ തുടങ്ങി നാനാതുറയില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിനെത്തിയ മുന്‍ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിനെ സദസ്സ് സെന്റ് പാട്രിക്സ് ഹാളില്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
രാഷ്ട്രപതിഭവനില്‍ നടന്ന ഉച്ചഭക്ഷണത്തോടെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തുടങ്ങിയത്.ഇന്നലെ വൈകുന്നേരം, ഡബ്ലിന്‍ കാസിലില്‍ നടന്ന സ്വീകരണ സമ്മേളനത്തിലും പ്രസിഡന്റ് സംബന്ധിച്ചു.അതിനിടെ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് രാഷ്ട്രപതിഭവന്‍ വിട്ടിരുന്നു.
ജനവിധി ഫലപ്രദമായി വിനിയോഗിക്കുമെന്ന് പ്രസിഡന്റ്
എളിമയോടെയും വിനയത്തോടെയും അഭമാനത്തോടെയുമാണ് ചുമതലയേല്‍ക്കുന്നതെന്നും അതേ നിലയില്‍ത്തന്നെ രാജ്യത്തെ സേവിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.ജനങ്ങള്‍ നല്‍കിയ ജനവിധി ഫലപ്രദമായി വിനിയോഗിക്കുമെന്ന് കാതറിന്‍ കോണോളി പറഞ്ഞു.എല്ലാവരെയും അംഗീകരിക്കുന്ന, വൈവിധ്യത്തെ വിലമതിക്കുന്ന, വീട് എന്നത് അടിസ്ഥാന മനുഷ്യാവകാശമായി കാണുന്ന ഒരിടമാണ് അയര്‍ലണ്ടെന്ന് കാതറിന്‍ പറഞ്ഞു.
ദീര്‍ഘകാലമായി തുടരുന്ന നിഷ്പക്ഷതയുടെയും സമാധാനപാലനത്തിന്റെയും പാരമ്പര്യമാണ് അയര്‍ലണ്ടിന്റെ ചരിത്രം.യുദ്ധം, ക്ഷാമം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കുള്ള ബദല്‍ നയതന്ത്ര പരിഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അയര്‍ലണ്ടിനാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
യാതോരു വിധ സൗകര്യങ്ങളും സേവനങ്ങളുമില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധിയായ ആളുകളെ തന്റെ പ്രചരാണത്തിനിടയില്‍ കണ്ടെത്താനായി. അവര്‍ വലിയ പ്രചോദനമാണ് നല്‍കിയത്.ഇത്രയും സമ്പന്നമായ ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്കാകും പ്രസിഡന്റിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം. ഐക്യഅയര്‍ലണ്ട്,രാജ്യത്തിന്റെ ആത്മാവും ചൈതന്യവും സംരക്ഷിക്കുന്നതിന് ഐറിഷ് ഭാഷ വളര്‍ത്തുക, പ്രവാസികളെ ആകര്‍ഷിക്കുക തുടങ്ങിയ ആശയങ്ങളും പ്രസിഡന്റ് വ്യക്തമാക്കി.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേര്‍ന്നു.മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ കോണോളിക്കാവുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.മുന്‍ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിന്റെ മികച്ച സംഭാവനകള്‍ക്ക് മാര്‍ട്ടിന്‍ നന്ദി പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ മന്ത്രിമാര്‍ക്കും പുറമെ , അറ്റോര്‍ണി ജനറല്‍, സ്പീക്കര്‍ ര്‍ വെറോണ മര്‍ഫി, വടക്കന്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ’നീല്‍, മുന്‍ പ്രധാനമന്ത്രിമാരായ ലിയോ വരദ്കര്‍, ബെര്‍ട്ടി അര്‍ഹേന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇതില്‍ പങ്കെടുത്തു.
മുന്‍ പ്രസിഡന്റുമാരായ മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്, മേരി മക്അലീസ്, മേരി റോബിന്‍സണ്‍, തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
കത്തോലിക്കാ, ചര്‍ച്ച് ഓഫ് അയര്‍ലണ്ട് , ഇസ്ലാമിക്, പ്രെസ്ബിറ്റീരിയന്‍, മെത്തഡിസ്റ്റ്, ജൂത, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ഹ്യൂമനിസ്റ്റ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളില്‍ നിന്നുള്ള മതനേതാക്കളുടെ പ്രാര്‍ത്ഥനകളോടെയാണ് ചടങ്ങ് ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us