/sathyam/media/media_files/2025/08/29/jbvv-2025-08-29-05-46-43.jpg)
ഡബ്ലിനില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച യുവാവിനെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടി. ചൊവ്വാഴ്ച വൈകിട്ടാണ് ബ്ലാഞ്ചരട്സ്ടൗൺ പ്രദേശത്ത് ഒരു കാര്‍ അപകടകരമായ രീതിയില്‍ പോകുന്നത് പട്രോളിങ്ങിനിടെ ഗാര്‍ഡ ശ്രദ്ധിച്ചത്. തുടര്‍ന്ന് വണ്ടി നിര്‍ത്താന്‍ ഗാര്‍ഡ കൈ കാണിച്ചെങ്കിലും, ഡ്രൈവര്‍ നിര്‍ത്താതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
വാഹനത്തെ പിന്തുടരുന്നതിനിടെ ഗാര്‍ഡ, പ്രത്യേക ഉപകരണമുപയോഗിച്ച്, നിയമലംഘനം നടത്തിയ കാറിന്റെ ടയറുകളിലെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഇതിനിടെ പട്രോള്‍ കാറുകളുമായി പലവട്ടം ഇടിച്ച കാര്‍, ഒടുവില്‍ ഗാര്‍ഡ നിര്‍ത്തിച്ചു. കാറോടിച്ച 30-ലേറെ പ്രായമുള്ള പുരുഷനെ ക്രിമിനൽ ജസ്റ്റിസ് ആക്ട്, 1984 സെക്ഷന്‍ 4 പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ മൂന്ന് ഗാര്‍ഡ പട്രോള്‍ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം കാര്‍ എൻ3-യിലേയ്ക്ക് കയറി പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കാതെ സൂക്ഷിക്കാന്‍ ഗാര്‍ഡയ്ക്ക് സാധിച്ചു. ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല.