ആജ്ഞാപിച്ചോളൂ…അടിയന്‍ ഇവിടെ.. വിന്‍ഡോസ് 11നുള്ള പുതിയ എ ഐ അപ്‌ഗ്രേഡുകളുമായി മൈക്രോസോഫ്റ്റ്

New Update
Ghbb

ഡബ്ലിന്‍ : മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11ലേക്കുള്ള പുതിയ എ ഐ അപ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചു.കോപൈലറ്റ് എ ഐ അസിസ്റ്റന്റിനെ കൂടുതല്‍ ബൂസ്റ്റ് ചെയ്യുന്നതിനായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.പറഞ്ഞാല്‍ ജോലി ചെയ്യുന്ന എ ഐ അസിസ്റ്റന്റുമാരുടെ കാലമാണ് വരാന്‍ പോകുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. യാത്ര ബുക്ക് ചെയ്യാനോ ഭക്ഷണം ബുക്ക് ചെയ്യാനോ പലചരക്ക് സാധനം വാങ്ങാനോ ഒക്കെ ഓര്‍ഡര്‍ നല്‍കാന്‍ പുതിയ സംവിധാനത്തിന് കഴിയും.

Advertisment

ഓട്ടോമേറ്റ് ടാസ്‌ക്കുകളും ഉപകരണങ്ങളിലുടനീളം സര്‍വ്വീസുകളെ കണക്റ്റുചെയ്യലും എളുപ്പമാക്കുന്നതിലൂടെ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് പുതിയ അപ്ഗ്രഡേഷനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഉപകരണങ്ങള്‍, ആപ്ലിക്കേഷനുകള്‍, ബ്രൗസറുകള്‍ എന്നിവയിലെ സവിശേഷതകളുമായി സ്വന്തം എ ഐ അസിസ്റ്റന്റിനെ മുന്നിലെത്തിച്ച ഗൂഗിളും മെറ്റയുമായി കമ്പനി മത്സരത്തിലാണ്.ഇതിന് ബദലായി കോപൈലറ്റിനെ ബൂസ്റ്റപ്പ് ചെയ്യാനുള്ള കമ്പനി തീരുമാനത്തിന്റെ ഭാഗമാണ് പുതിയ അപ്ഗ്രഡേഷനെന്നും നിരീക്ഷിക്കപ്പെടുന്നു. രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പ്രോഗ്രാമുകളാണ് വളരെ വൈകി ,മൈക്രോസോഫ്റ്റ് ഇപ്പോൾ നടപ്പിലാക്കുന്നത്.

വാക്കുകളും ടെസ്റ്റുകളും മനസ്സിലാക്കുന്ന എ ഐ അസിസ്റ്റന്റ്

വിന്‍ഡോസ് 11 പിസിയില്‍ എ ഐ അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യുന്നതിനും വോയ്‌സ് കമാന്‍ഡുകള്‍ എക്‌സിക്യൂട്ട് ചെയ്യുന്നതിനും ‘ഹേ കോപൈലറ്റ്’ എന്ന വേക്ക് വാക്ക് ഉപയോഗിച്ചാല്‍ മതിയാകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.സ്‌ക്രീനുകളിലെ ഉള്ളടക്കം വിശകലനം ചെയ്യാനും അനുബന്ധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയുന്ന കോപൈലറ്റ് വിഷന്‍ എല്ലാ വിപണികളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി പറഞ്ഞു.വോയ്‌സ് ഉപയോഗിച്ച് മാത്രമല്ല, ടെക്സ്റ്റിലൂടെയും വിഷനുമായി ഇടപഴകാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്ന ഫീച്ചറും വിന്‍ഡോസ് ഇന്‍സൈഡേഴ്‌സിനായി പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

എക്സ്പിരിമെന്റല്‍ കോപൈലറ്റ് ആക്ഷന്‍സ് മോഡും ഈ അപ്ഡേഷനിലുണ്ട്. ഡെസ്‌ക്ടോപ്പില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വേണ്ടി റെസ്റ്റോറന്റ് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനോ ഒക്കെ ചെയ്യാന്‍ എ ഐ അസിസ്റ്റന്റിനെ ഇത് പ്രാപ്തമാക്കുന്നു.ഉപയോക്താവ് വ്യക്തമായി നല്‍കുന്ന ഉറവിടങ്ങളിലേക്ക് മാത്രമേ ഈ ആക്‌സസ് ലഭിക്കൂ എന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

റിയല്‍ ടൈം ടിപ്സ്, ശുപാര്‍ശകള്‍, സപ്പോര്‍ട്ട് എന്നിവയ്ക്കായി എ ഐ അസിസ്റ്റന്റിനെ ഇടപഴകാന്‍ അനുവദിക്കുന്ന ഗെയിമിംഗ് കോപൈലറ്റിന്റെ എക്സ് ബോക്സ് അല്ലി കണ്‍സോളുകളും കമ്പനി പുറത്തിറക്കി. മാറ്റത്തിന്റെ കൊടുമുടിയിലേയ്ക്കാണ് നമ്മളെന്ന് മൈക്രോസോഫ്റ്റിന്റെ കണ്‍സ്യൂമര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ യൂസഫ് മെഹ്ദി പറഞ്ഞു.

Advertisment