യൂറോപ്പിലെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് സമഗ്രമായ ഇ യു നിയമം

New Update
M

ബല്‍ജിയം: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമത്തിന് ആഹ്വാനം ചെയ്ത് യൂറോപ്യന്‍ പാര്‍ലമെന്റ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 വയസ്സാക്കണമെന്നാണ് ഇ യു ആവശ്യപ്പെടുന്നത്. ഇതിനനുസൃതമായി ഡിജിറ്റല്‍ നിയമങ്ങളില്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇ യു പാര്‍ലമെന്റ.

Advertisment

ഇന്റര്‍നെറ്റില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ഓസ്‌ട്രേലിയന്‍ മാതൃകയാണ് ഇ യുവും പിന്തുടരുന്നത്.ഇതിന്റെ അടിസ്ഥാനതച്തിലാണ് സോഷ്യല്‍ മീഡിയ, വീഡിയോ-ഷെയറിംഗ് പ്ലാറ്റ്‌ഫോമുകള്‍, എ ഐ കമ്പാനിയനുകള്‍ എന്നിവ ആക്‌സസ് ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം നിര്‍ദ്ദേശിക്കുന്നത്.

നിര്‍ദ്ദിഷ്ട ഏകീകൃത ഇ യു ഡിജിറ്റല്‍ നിയമത്തില്‍ 16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ സ്വന്തമായി സോഷ്യല്‍ മീഡിയ ആക്‌സസ് ചെയ്യാന്‍ കഴിയൂ.അതേസമയം 13നും 16നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതവും ആവശ്യമാണ്.

സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരവധി രീതികള്‍ മാറും

സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരവധി രീതികള്‍ നിരോധിക്കണമെന്നും പാര്‍ലമെന്റ് നിര്‍ദ്ദേശിക്കുന്നു. അനന്തമായ സ്‌ക്രോളിംഗ്, റിവാര്‍ഡ് ലൂപ്പുകള്‍, ദോഷകരമായ ഗെയിമിഫിക്കേഷന്‍ തുടങ്ങിയ ആസക്തി നിറഞ്ഞ സവിശേഷതകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഇവര്‍ വാദിക്കുന്നു.ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍, ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്, ആസക്തിയുണ്ടാക്കുന്ന ഡിസൈന്‍, ഇരുണ്ട പാറ്റേണുകള്‍ എന്നിവ ഡിജിറ്റല്‍ ഫെയര്‍നെസ് ആക്ട് കര്‍ശനമായി പരിശോധിക്കും.

ചൂതാട്ടം പോലുള്ളവ നിരോധിക്കും

ചൂതാട്ടം പോലുള്ളവ പ്രോത്സാഹിപ്പിക്കുന്ന ലൂപ്ബോക്സുകളും ഫോര്‍ച്യൂണ്‍ വീലുകളും ,ഇന്‍-ആപ്പ് കറന്‍സികളും ‘പേ-ടു-പ്രോഗ്രസ്’ സവിശേഷതകളും നിയമം മൂലം നിരോധിക്കും.ഡീപ്പ് ഫേക്കുകള്‍, കമ്പാനിയന്‍ഷിപ്പ് ചാറ്റ്ബോക്സുകള്‍, എ ഐ ഏജന്റുകള്‍, എ ഐ പവേര്‍ഡ് ന്യൂഡിറ്റി ആപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ജനറേറ്റീവ് എ ഐ ഉപകരണങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മ്മികവും നിയമപരവുമായ വെല്ലുവിളികള്‍ക്കെതിരെയും നടപടിയുണ്ടാകും.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തടയും

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുടെ വ്യാപനം ഡിജിറ്റല്‍ കമ്പനികള്‍ തടയണമെന്ന് പുതിയ നിയമം നിര്‍ദ്ദേശിക്കുന്നു. ഇ യു അംഗരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഈ ഉള്ളടക്കം നീക്കം ചെയ്യാനും അതിലേക്കുള്ള ആക്‌സസ് തടയാനും നിര്‍ബന്ധിക്കാം. അംഗരാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ഈ അധികാരമുണ്ടാകും.

അംഗരാജ്യങ്ങളെയും ഓലൈന്‍ ദാതാക്കളെയും സഹായിക്കുന്നതിന് ഇ യു സെന്റര്‍ ഓ ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് എന്ന പേരില്‍ ഇ യു ഏജന്‍സി സ്ഥാപിക്കാനും നിയമം ലക്ഷ്യമിടുന്നു.

ഇ യു ഏജ് വെരിഫിക്കേഷന്‍ ആപ്പും ഡിജിറ്റല്‍ ഐഡന്റിറ്റി വാലറ്റും

സോഷ്യല്‍ മീഡിയയിലെ ദോഷകരമായ ഉള്ളടക്കത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ അകറ്റിനിര്‍ത്തുന്നത് ഉറപ്പാക്കാന്‍ ഇ യുവിലെ വെബ്‌സൈറ്റുകള്‍ ഇ യു ഡിജിറ്റല്‍ സേവന നിയമത്തിന്റെ ഭാഗമായി ഏജ് വെരിഫിക്കേഷന്‍ ബാധ്യതകള്‍ പാലിക്കേണ്ടതുണ്ട്. ഇതിനായി ഇ യു ഏജ് വെരിഫിക്കേഷന്‍ ആപ്പും ഡിജിറ്റല്‍ ഐഡന്റിറ്റി വാലറ്റും ഇ യു രൂപപ്പെടുത്തും.

ഈ സംവിധാനങ്ങള്‍ കുറ്റമറ്റതായിരിക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു.സോഷ്യല്‍ മീഡിയ പ്രശ്നങ്ങള്‍ കുറ്റമറ്റ നിലയില്‍ പരിഹരിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, എലോണ്‍ മസ്‌ക് തുടങ്ങിയ സീനിയര്‍ മാനേജര്‍മാരെ വ്യക്തിപരമായി ബാധ്യസ്ഥരാക്കണമെന്ന അഭിപ്രായവും എം ഇ പിമാര്‍ക്കുണ്ട്.

നിയമങ്ങള്‍ പാലിക്കാത്ത സൈറ്റുകള്‍ നിരോധിക്കും

യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കാത്ത സൈറ്റുകള്‍ നിരോധിക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെടുന്നു.സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തവയല്ല. അതിനാല്‍ പരീക്ഷണം അവസാനിപ്പിക്കാന്‍ സമയമായെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റും റിപ്പോര്‍ട്ടറുമായ ക്രിസ്റ്റല്‍ ഷാല്‍ഡെമോസ് പറഞ്ഞു.

Advertisment