അയർലണ്ടിൽ ജീവിതച്ചെലവ് സംബന്ധിച്ച പ്രതിസന്ധി : അഞ്ചിലൊരാള്‍ക്ക് വീട് വാങ്ങാനാകുന്നില്ല

New Update
uhgfde4567

ഡബ്ലിന്‍ : ജീവിതച്ചെലവ് സംബന്ധിച്ച പ്രതിസന്ധി മൂലം വീട് വാങ്ങാന്‍ പറ്റാത്ത നിലയിലാണ് രാജ്യത്തെ നല്ലൊരുശതമാനം ആളുകളെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ ഭവനരഹിതരില്‍ രണ്ടിലൊരാളും വീടു വാങ്ങുന്നത് നീട്ടിവെച്ചിരിക്കുകയാണെന്ന് മൈ ഹോം വെബ്സൈറ്റ സര്‍വ്വേ വെളിപ്പെടുത്തുന്നു. മാത്രമല്ല സര്‍ക്കാരിന്റെ ഭവന നയത്തിന്റെ പോരായ്മകള്‍ക്കെതിരെ അതി രൂക്ഷമായാണ് ജനം ചിന്തിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

Advertisment

ഭവനവിപണിയെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വെറും 5% ആളുകള്‍ മാത്രമേ വിശ്വസിക്കുന്നുള്ളുവെന്നും പുതിയ സര്‍വേ പറയുന്നു. ബഹുഭൂരിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിസ്സംഗ സമീപനം തിരിച്ചറിഞ്ഞവരാണ്.

ഭരണം മാറിയാല്‍ ശരിയാകും

ഭരണം മാറുന്നത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന് ഗുണകരമാകുമെന്നാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ മൂന്നിലൊന്നും(36%) വിശ്വസിക്കുന്നത്.അതേ സമയം,ഭരണമാറ്റം കൊണ്ട് കാര്യമില്ലെന്ന് 21% ആളുകള്‍ പറയുന്നു.43% പേര്‍ ഈ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്തില്ല.

പണമുണ്ടായിട്ടും വീടു കിട്ടാത്തവര്‍

സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും (45%) വീടുകള്‍ വാങ്ങുന്നതിന് മുമ്പ് പലിശ നിരക്ക് കുറയ്ക്കുന്നതു വരെ കാത്തിരിക്കുന്നില്ലെന്ന് പറഞ്ഞു.

വീടുവാങ്ങാന്‍ പണം കരുതിയിട്ടുണ്ടെന്ന്് 63% പേരും പറഞ്ഞു. അടുത്ത വര്‍ഷം വീടുകള്‍ക്ക് വില വര്‍ദ്ധിക്കുമെന്ന് കരുതുന്നവരാണ് 53% പേരും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 2,223 പേരിലാണ് സര്‍വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്ത 78% പേരും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ സ്ഥിതിയില്‍ ആശങ്കയുള്ളവരാണ്. ആവശ്യത്തിന് വീടുകള്‍ കിട്ടാത്തതാണ് പ്രധാന പ്രശ്നം.

അതേസമയം 13% പേര്‍ അടുത്ത വര്‍ഷം വീടുവാങ്ങാന്‍ പറ്റിയ സമയമായിരിക്കുമെന്ന് കരുതുന്നു.വിപണിയില്‍ ആവശ്യത്തിന് വീടുകളെത്തുന്നുണ്ടെന്ന് 19% പേര്‍ പറയുന്നു.

സര്‍വ്വേ റിപ്പോര്‍ട്ടുമായി മേരി ലൂ പാര്‍ലമെന്റില്‍ ;വിവാദം

പ്രസക്തമായ ഈ സര്‍വ്വേ റിപ്പോര്‍ട്ട് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് ഡെയിലില്‍ ലീഡേഴ്സ് ക്വസ്റ്റിയന്‍സില്‍ അവതരിപ്പിച്ചു. ജീവിതച്ചെലവ് പ്രതിസന്ധി മൂലം ഏതാണ്ട് പകുതിയോളം (44%) ജനങ്ങള്‍ക്ക് വീട് വാങ്ങാനാകില്ലെന്ന് മേരി ലൂ പറഞ്ഞു.

താങ്ങാവുന്ന വിലയ്ക്കും വാടകയ്ക്കും വീടുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്വന്തമായി വീട് വാങ്ങുന്നത് ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനെ അങ്ങനെയാക്കുന്നത് സര്‍ക്കാരിന്റെ നയമാണെന്ന് സിന്‍ ഫെയ്ന്‍ നേതാവ് കുറ്റപ്പെടുത്തി.

പ്രശ്നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു.ഈ വര്‍ഷം ഭവന വിതരണത്തില്‍ റെക്കോഡിടുമെന്ന് ഹാരിസ് പറഞ്ഞു. ഈ വര്‍ഷം ഇതിനകം തന്നെ 12,000 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനവും പ്രസ്താവനയുമല്ലാതെ ആത്മാര്‍ത്ഥമായ ശ്രമമൊന്നും സര്‍ക്കാരിനില്ലെന്ന് മേരി ലൂ പറഞ്ഞു.വീടുകള്‍ ആവശ്യമുള്ളവര്‍ക്ക് ന്യായവിലയ്ക്ക് വീടുകള്‍ ലഭ്യമാക്കണം. അല്ലാതെ വാചകമടി കൊണ്ട് കാര്യമില്ല’.അവര്‍ പറഞ്ഞു.

housing-crisis
Advertisment