ഡബ്ലിനില്‍ ടൂറിസ്റ്റ് ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കൗണ്‍സിലുകള്‍. ഡബ്ലിൻ സിറ്റി കൌൺസിൽ , ഫിങ്ങൾ കൗണ്ടി കൌൺസിൽ , സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ എന്നിവര്‍ ഇത്തരമൊരു ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡിന് ലാഖൈർ രാത്ഡോൺ കൗണ്ടി കൌൺസിലും മറ്റ് കൗണ്‍സിലുകളോടൊപ്പം ചേരാനിരിക്കുകയാണ്.
ലോക്കല്‍ അതോറിറ്റികള്‍ക്ക് കാര്യമായ വരുമാനമില്ലെന്നും, അതിനാല്‍ പുതിയ ആശയങ്ങള്‍ തേടേണ്ടതുണ്ടെന്നും ഡബ്ലിൻ സിറ്റി കൌൺസിലിന്റെ ധനകാര്യ ആസൂത്രണ വിഭാഗം ചെയര്‍മാന്‍ കൗണ്‍സിലര്‍ സമുസ് എംസിഗ്രട്ടാൻ പറഞ്ഞു. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും, അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇത് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ്, കൊമേഴ്ഷ്യല്‍ റേറ്റ്‌സ്, വാടകകള്‍ എന്നിവയാണ് കൗണ്‍സിലുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. ഇതിന് പുറമെ ടൂറിസ്റ്റ് അക്കോമഡേഷന്‍ ചാര്‍ജ്ജ് എന്നൊരു ചാര്‍ജ്ജ് കൂടി ഈടാക്കാനാണ് നീക്കം. ഇത് നിശ്ചിത തുകയോ, ശതമാനക്കണക്കോ ആകും. അതേസമയം ടൂറിസ്റ്റ് ടാക്‌സ് സംവിധാനം അടിസ്ഥാനമില്ലാത്തതാണെന്ന് ഹോട്ടല്‍ ഉടമകള്‍ അഭിപ്രായമുയര്‍ത്തിയിട്ടുണ്ട്.