ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പണവുമായി ദമ്പതികള്‍ പിടിയില്‍. വ്യാഴാഴ്ചയാണ് ഉക്രെയിന്‍ സ്വദേശിനിയും ബിസിനസുകാരിയുമായ ഐരിന ബന്ധരീവ (69), ഭര്‍ത്താവ് ഇഹോർ ശാന്തർ (60) എന്നിവര്‍ 340,000 യൂറോയുമായി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1-ല്‍ പിടിയിലായത്. ഈ പണം അന്താരാഷ്ട്ര കുറ്റവാളി സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഗാര്‍ഡ സംശയിക്കുന്നത്. പണവുമായി പിടികൂടുന്നതിന് ഒരു ദിവസം മുമ്പാണ് ഇവര്‍ അയര്‍ലണ്ടിലെത്തിയത്. ട്രാവൽ ഏജന്റാണ് പിടിയിലായ ഐരിന ബന്ധരീവ.
അറസ്റ്റിലായ ഇവരെ ശനിയാഴ്ച ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ജഡ്ജ് ജാമ്യം അനുവദിക്കാതിരുന്നതോടെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. അനധികൃതമായ പണമിടപാട്, ഭീകരവാദത്തെ പണം നല്‍കി സഹായിക്കല്‍ എന്നിവ സംബന്ധിച്ച കുറ്റമാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പരമാവധി 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അതേസമയം പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും, കോടതിയില്‍ അത് തെളിയിക്കുമെന്നും ഐരിന ബന്ധരീവ പ്രതികരിച്ചു. പണം തങ്ങളുടെ സമ്പാദ്യമാണെന്നും അവര്‍ പറഞ്ഞു.