50-യിൽ ടോൾ നൽകാതെ 1000-ലേറെ യാത്ര നടത്തിയ ഡ്രൈവർക്ക് 25,000 യൂറോ പിഴയിട്ട് കോടതി; വിചാരണയ്ക്ക് ഹാജരായ ഒരേയൊരു പ്രതിയുടെ പിഴ വെറും 150 യൂറോ ആക്കി കുറച്ചു

New Update
V

എം50 റോഡില്‍ സ്ഥിരമായി ടോള്‍ നല്‍കാതെ കടന്നുകളയുന്നവരില്‍ നിന്നും വമ്പന്‍ തുകള്‍ പിഴയീടാക്കാന്‍ ഉത്തരവിട്ട് കോടതി. പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ അസാന്നിദ്ധ്യത്തില്‍ ഇന്നലെ നടന്ന വിചാരണയിലാണ് 22 ഡ്രൈവര്‍മാരില്‍ നിന്നായി ആകെ 428,000 യൂറോ പിഴ ഈടാക്കാന്‍ ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോർട് ഉത്തരവിട്ടത്.

Advertisment

ഡ്രൈവര്‍മാരില്‍ ഒരാള്‍ 1,220 തവണയാണ് ടോള്‍ നല്‍കാതെ M50 വഴി കടന്നുപോയതെന്ന് വിചാരണവേളയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇയാള്‍ക്ക് 25,000 യൂറോ ആണ് കോടതി പിഴയിട്ടത്. വേറെ മൂന്ന് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്കും 25,000 യൂറോ വീതം പിഴയിട്ടു. ഇതിലൊരാള്‍ 814 തവണയാണ് ടോള്‍ നല്‍കാതിരുന്നത്. ടോള്‍ വെട്ടിച്ച് പോയ മറ്റ് ഡ്രൈവര്‍മാര്‍ക്ക് 15,000 യൂറോ മുതലും പിഴയിട്ടിട്ടുണ്ട്.

അതേസമയം ടോള്‍ നല്‍കാത്ത കേസില്‍ കോടതിയില്‍ ഹാജരായ ഒരേയൊരു ഡ്രൈവറുടെ പിഴത്തുക വെറും 150 ആക്കി ജഡ്ജ് കുറച്ച് നല്‍കുകയുമുണ്ടായി. 263 ട്രിപ്പുകളില്‍ 18 എണ്ണത്തിനായിരുന്നു ഇയാള്‍ ടോള്‍ നല്‍കിയിരുന്നത്. മറ്റ് ട്രിപ്പുകള്‍ക്ക് ടോള്‍ നല്‍കാതിരുന്നത് തന്റെ തെറ്റാണെന്ന് പ്രതി പശ്ചാത്തപിച്ചതോടെയാണ് പിഴത്തുക 150 യൂറോയായി കുറയ്ക്കാന്‍ ജഡ്ജ് തയ്യാറായത്. പ്രോസിക്യൂഷന്‍ ചെലവിനായി ഇയാള്‍ നല്‍കേണ്ട തുകയും ജഡ്ജ് ഇത്തരത്തില്‍ കുറച്ചുനല്‍കി. അടയ്ക്കാതിരുന്ന ബാക്കി ടോള്‍ അടച്ചോളാമെന്ന് ഇയാള്‍ കോടതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

എം50-യില്‍ കാറുകള്‍ സാധാരണയായി നല്‍കേണ്ട ടോള്‍ ചാര്‍ജ്ജ് 3.80 യൂറോയാണ്. തൊട്ടടുത്ത ദിവസം വൈകിട്ട് 8 മണിക്ക് മുമ്പ് വരെ ഇത് നല്‍കാവുന്നതാണ്. ഇത് ലംഘിച്ചാല്‍ പിഴ തുക കൂടി ചേര്‍ത്ത് നല്‍കണം. വീണ്ടും തുക നല്‍കാതിരുന്നാല്‍ സര്‍ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും, പല തവണ വാണിങ് നോട്ടീസുകള്‍ അയയ്ക്കുകയുംചെയ്യും. എന്നിട്ടും അടച്ചില്ലെങ്കില്‍ മാത്രമാണ് കോടതിയില്‍ കേസ് എത്തുക.

ടോള്‍ അടയ്ക്കാത്ത ഓരോ കേസിലും 5,000 യൂറോ വരെ പിഴയും, ആറ് മാസം വരെ തടവുമാണ് ശിക്ഷ.

Advertisment