അയര്‍ലണ്ടിലെ അഭയാര്‍ത്ഥി അപേക്ഷകളില്‍ മൂന്നുമാസത്തിനകം തീരുമാനം

New Update
D

ഡബ്ലിന്‍: അഭയാര്‍ത്ഥി അപേക്ഷകളില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് പുതിയ അഭയാര്‍ത്ഥി നിയമ ഭേദഗതിയില്‍ വ്യവസ്ഥ.അപേക്ഷ നിരസിക്കുന്നതോ, അഭയാര്‍ത്ഥി സ്റ്റാറ്റസ് നല്‍കുന്നതോ, ഉത്ഭവ രാജ്യത്തേയ്ക്ക് തിരിച്ചയക്കുന്നതോ ഏത് തീരുമാനവും ഈ നിശ്ചിത സമയത്തിനുള്ളില്‍ കൈക്കൊള്ളണം. ഏതു തീരുമാനവും ആറു മാസത്തിനകം നടപ്പാക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

Advertisment

യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍ ആന്‍ഡ് അസൈലം ഉടമ്പടി പ്രാബല്യത്തില്‍ വരുത്തുന്നതിനും അംഗരാജ്യങ്ങളിലെ കുടിയേറ്റ സമീപനവുമായി യോജിപ്പിക്കുന്നതിനുമാണ് പുതിയ നിയമ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്. കുടിയേറ്റ നിയമ വ്യവസ്ഥയെ കൂടുതല്‍ ന്യായയുക്തവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നിയമം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍ വ്യക്തമാക്കുന്നു.

അഭയാര്‍ഥികളുടെ ഫാമിലി റീ യൂണിഫിക്കേഷന് മൂന്ന് വര്‍ഷം കാത്തിരിക്കണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു. അതേസമയത്തിനുള്ളില്‍ അപേക്ഷകര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാണെന്ന് തെളിയിക്കേണ്ടതുമുണ്ട്.അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ അയര്‍ലണ്ടിലേക്ക് വരാന്‍ അനുവാദമുണ്ടാകൂ.

മുമ്പ് അഭയാര്‍ത്ഥി അപേക്ഷ നല്‍കിയാല്‍ രണ്ട് മുതല്‍ നാല് വര്‍ഷം വരെ കാത്തിരിക്കാന്‍ അനുവദിക്കുമായിരുന്നു.ഇനി അതില്ല. ഉടന്‍ തീരുമാനമുണ്ടാകും. അതുപോലെ അഭയാര്‍ത്ഥി പദവി ലഭിച്ച് പിറ്റേന്ന് കുടുംബാംഗങ്ങളെ കൊണ്ടുവരാമെന്ന നിലവിലുള്ള വ്യവസ്ഥയിലും മാറ്റും. മൂന്ന് വര്‍ഷം കാത്തിരിക്കണം, അതിനകം സാമ്പത്തിക സ്വയംപര്യാപ്തത കാണിക്കുകയും വേണം- മന്ത്രി വിശദീകരിച്ചു.

നമ്മുടെ ജനസംഖ്യ വര്‍ദ്ധിക്കുകയാണ് . ഇ യു ശരാശരിയേക്കാള്‍ ഏഴ് മടങ്ങ് വേഗത്തില്‍ നമ്മുടെ ജനസംഖ്യ വളരുകയാണ്.ഈ പശ്ചാത്തലത്തില്‍ ഈ മൂന്ന് വര്‍ഷമെന്ന കാലയളവ് ന്യായവും ആനുപാതികവുമാണെന്ന് കരുതുന്നതായി ജസ്റ്റീസ് സഹമന്ത്രി നിയാല്‍ കോളിന്‍സും വിശദീകരിച്ചു.

അതേ സമയം,ഈ വ്യവസ്ഥകള്‍ നിയമപരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നടപടിക്രമങ്ങളുടെ ലംഘനമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നത്. വാ മൊഴിയായി അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിക്കുന്നതും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാം. ഒട്ടേറെ ജുഡീഷ്യല്‍ ഇടപെടലുകളുണ്ടാകുന്നത് സിസ്റ്റത്തെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.കുടുംബ പുനരേകീകരണ നിയമങ്ങളിലെ മാറ്റങ്ങള്‍ ഏകീകരണത്തെ വൈകിപ്പിക്കുമെന്ന് ലേബര്‍ പാര്‍ട്ടിയിലെ കോണര്‍ ഷീഹാന്‍ ടി ഡിയും ആരോപിച്ചു.

ഈ വര്‍ഷം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍, അസൈലം ഉടമ്പടി നടപ്പാക്കുന്നതിന്റെ ഭാഗമായി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബില്‍ അവതരിപ്പിച്ചത്. ഫാമിലി റീ യൂണിഫിക്കേഷന് അപേക്ഷിക്കുന്നതിന് മുമ്പ് അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ ഉണ്ടായിരിക്കണമെന്നും അഭയാര്‍ത്ഥികള്‍ക്ക് ടെന്റ് ചെയ്ത താമസസ്ഥലത്ത് താമസിക്കുന്നതിന് പ്രതിമാസം 1,000 യൂറോ വരെ നല്‍കേണ്ടിവരുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

മൂന്ന് വര്‍ഷം കാത്തിരിക്കണമെന്ന വ്യവവസ്ഥയെ ലേബര്‍ പാര്‍ട്ടിയുടെ ജസ്റ്റീസ് വക്താവ് അലന്‍ കെല്ലി അപലപിച്ചു.ഒരു രാജ്യം എന്ന നിലയില്‍ അയര്‍ലണ്ട് കൈക്കൊണ്ട എല്ലാ നിലപാടുകള്‍ക്കും എതിരാണ് ഈ മാറ്റമെന്ന് ലേബര്‍ നേതാവ് ആരോപിച്ചു.കാഠിന്യമേറിയ നീക്കമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് ഗാരി ഗാനോണ്‍ ഈ മാറ്റങ്ങളെ വിമര്‍ശിച്ചു.

അഭയാര്‍ത്ഥി നിയമത്തില്‍ അവകാശങ്ങളില്‍ ബാലന്‍സ് പാലിക്കുന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ വ്യക്തമാക്കിയിരുന്നു. അഭയാര്‍ത്ഥി പ്രക്രിയകളുടെ കാര്യത്തില്‍ ന്യായമായ സംവിധാനം ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ഒപ്പം ഇ യുവുമായി യോജിക്കുന്നതുമാകണം. ഇത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.അഭയാര്‍ത്ഥി അപേക്ഷകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതില്‍ വളരെ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment