/sathyam/media/media_files/OegXuIpw62UamB4TsO50.jpg)
ഡബ്ലിന്‍: ജീവിക്കാനുതകുന്ന വേതനം തരണമെന്നാവശ്യപ്പെട്ട് യു കെ, യു എസ്, എന്നിവിടങ്ങളിലും യൂറോപ്പിലാകെയും ഡെലിവറി തൊഴിലാളികള്‍ പണിമുടക്കി.ഇതിന്റെ ഭാഗമായി ഡ്ബലിനിലും ഡെലിവറോ, ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് തുടങ്ങിയ കമ്പനികളുടെ ഡെലിവറി തൊഴിലാളികള്‍ സമരത്തിനിറങ്ങി. പണിമുടക്കിയ തൊഴിലാളികള്‍ വാലന്റൈന്‍ ദിനത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് അണിചേര്‍ന്നു.
തുച്ഛമായ ശമ്പളത്തിലാണ് ഡെലിവറി തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മുമ്പ് ഓരോ ഡെലിവറിക്കുമുള്ള കുറഞ്ഞ പേയ്‌മെന്റ് 4.29 യൂറോയായിരുന്നു. നാലു വര്‍ഷം മുമ്പ് അത് 2.90 യൂറോയായി കുറഞ്ഞു. ഇപ്പോള്‍ 2.15 യൂറോയിലും താഴെയെത്തിയിരിക്കുകയാണ് വേതനം. ഒരു ഡെലിവറിക്ക് ഒരു യൂറോ പോലും നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്.
ഇന്നലെ വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ ഇംഗ്ലീഷ് ലാംഗ്വേജ് സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് അയര്‍ലണ്ടിന്റെ (ഇ എല്‍ എസ് യു) നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കിയത്. പണിമുടക്കിയ തൊഴിലാളികള്‍ വൈകുന്നേരം 5 മണിക്ക് ഒ’കോണല്‍ സ്ട്രീറ്റിലെ സ്പയറില്‍ ഒത്തുകൂടി.
സഹജീവികളോടുള്ള സ്നേഹവും അനുതാപവും അറിയിക്കാനുള്ള അവസരമാണ് സെയ്ന്റ് വാലന്റൈന്‍സ് ദിനമെന്ന് ഇ എല്‍ എസ് യു ലേബര്‍ റൈറ്റ്സ് ഓഫീസര്‍ ഫിയാക്ര ഒ ലുയിന്‍ പറഞ്ഞു. അതിനാലാണ് പണിമുടക്കിന് ഈ ദിവസം തിരഞ്ഞെടുത്തത്. ഡെലിവറി തൊഴിലാളികളുടെ ഈ ജീവിതപ്രശ്നം സര്‍ക്കാരിലും തിരഞ്ഞെടുത്ത ജനപ്രതിനിധികളിലുമെത്തിക്കാന്‍ സഹായിക്കണമെന്ന് ഇദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു.
സ്വയം തൊഴില്‍ ചെയ്യുന്ന ഡെലിവറി തൊഴിലാളികളുടെ ആശങ്കകളെ കമ്പനി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജസ്റ്റ് ഈറ്റ് വക്താവ് പറഞ്ഞു. അവരുടെ ക്ഷേമം വളരെ പ്രധാനപ്പെട്ടതാണെന്നും കമ്പനി പറഞ്ഞു. മത്സരാധിഷ്ഠിതമായി കൊറിയര്‍മാര്‍ക്ക് പരമാവധി ഉയര്‍ന്ന ശമ്പളം നല്‍കുന്നത് പരിഗണിക്കും.തൊഴിലാളികളുടെ ആവശ്യമനുസരിച്ച് ശമ്പളം പവരവലോകനം ചെയ്യുമെന്നും വക്താവ് പറഞ്ഞു.
റൈഡര്‍മാര്‍ക്ക് ആകര്‍ഷകമായ വരുമാനവും തൊഴിലും സുരക്ഷയും നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡെലിവറൂ വക്താവ് വ്യക്തമാക്കി. എപ്പോള്‍, എവിടെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്ന ആപ്പ് ഉപയോഗിച്ച് കൊറിയര്‍മാര്‍ക്ക് മികച്ച വരുമാനം നേടാനുള്ള ഫ്ളെക്സിബിള്‍ ഓഫറുകള്‍ നല്‍കുമെന്ന് ഊബര്‍ ഈറ്റ്സും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us